ഈ ദുരിത കാലത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികളിൽ നിന്ന് പണം ഈടാക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ്. നാട്ടിലേക്ക് മടങ്ങുന്നവർക്ക് ബസിലും ട്രെയിനിലും ഭക്ഷണം ഉറപ്പാക്കണം എന്നും സൗജന്യ താമസം ഒരുക്കണം എന്നും സുപ്രിം കോടതി നിർദേശം നൽകി. ദുരിത പരിഹാരത്തിന് സർക്കാരിന് കൃത്യമായ പദ്ധതിയില്ല എന്നതാണ് മനസിലാകുന്നത് എന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് അശോക് ഭൂഷണിന്‍റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കുടിയേറ്റ തൊഴിലാളി വിഷയത്തില്‍ സുപ്രധാന ഇടക്കാല വിധി പ്രസ്താവിച്ചത്.
സംസ്ഥാനങ്ങളും കേന്ദ്രവും ഇതര സംസ്ഥാന തൊഴിലാളകള്‍ക്കായി എന്താണ് ചെയ്തതെന്ന് കോടതി ചോദിച്ചു. ഏതെങ്കിലും തൊഴിലാളികള്‍ റോഡിലൂടെ നടന്നുപോകുന്നത് കണ്ടാല്‍ അവരെ അടുത്തുള്ള ക്യാമ്പുകളിലേക്ക് മാറ്റി അവിടെനിന്നും സുരക്ഷിതമായി വീടുകളിലേക്കെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി.
തൊഴിലാളികളുടെ കാര്യത്തിൽ രാജ്യത്ത് ഒരുപാട് വീഴ്ചകളുണ്ടായെന്ന് സുപ്രീം കോടതി വിമർശിച്ചു.
യാത്രാ ചെലവ് സംസ്ഥാനങ്ങൾ പങ്കിടണം, രജിസ്ട്രേഷന് ശേഷം കാത്തിരിക്കേണ്ടി വരുന്നതുകൊണ്ടാണ് തൊഴിലാളികൾ നടന്ന് പോകുന്നത്. നടക്കുന്ന തൊഴിലാളികളെ അഭയകേന്ദ്രത്തിലേക്ക് മാറ്റി അവർക്ക് ഭക്ഷണം ഉറപ്പാക്കണം. സംസ്ഥാനങ്ങൾ ട്രെയിൻ ആവശ്യപ്പെട്ടാൽ റെയിൽവെ ഉടൻ അനുവദിക്കണമെന്നും കോടതി പറഞ്ഞു.
കൊവിഡിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ അതിഥി തൊഴിലാളികളുടെ കാര്യത്തിൽ സുപ്രീം കോടതിയിൽ രൂക്ഷമായ വാദപ്രതിവാദമാണ് നടന്നത്. കേന്ദ്രസർക്കാരും മറുപക്ഷവും ശക്തമായ വാദങ്ങൾ ഉന്നയിച്ചപ്പോൾ, പരസ്പരം കുറ്റപ്പെടുത്തിയ സമീപനം വേണ്ടെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ യഥാർത്ഥ വസ്തുതയാണ് പരിശോധിക്കപ്പെടേണ്ടതെന്നും എല്ലാ സംസ്ഥാനങ്ങളും റിപ്പോർട്ട് നൽകണമെന്നും കോടതി പറഞ്ഞു.
തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതുവരെ അവർക്ക് ഭക്ഷണവും മറ്റ് അവശ്യ സൗകര്യവും ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.
അസാധാരണ സാഹചര്യത്തിൽ അസാധാരണ നടപടികളാണ് സ്വീകരിക്കേണ്ടത്. അതിഥി തൊഴിലാളികളുടെ ദുരിതം പരിഹരിക്കാൻ കൃത്യമായ പദ്ധതിയില്ലെന്നത് യാഥാർത്ഥ്യമാണ്. പ്രശ്ന പരിഹാരത്തിന് മെച്ചപ്പെട്ട നടപടികൾ വേണം എന്നും കോടതി പറഞ്ഞു.
അതേ സമയം രാജ്യത്ത് നിലവിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ ചിലവ് വഹിക്കാൻ തയ്യാറായി മുന്നോട്ട് വന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്. കോടതി വിധി തൊഴിലാളികൾക്കു ആശ്വാസം പകരുന്നതാണ് എന്നും ഇത് കോൺഗ്രസിന്റെ പോരാട്ടത്തിന്റെ വിജയം ആണെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.
Post a Comment