ഗെയിൽ പദ്ധതിക്കെതിരെ പ്രക്ഷോഭം നടത്തിയവർ ആണ് അത് പ്രധാന ഭരണ നേട്ടമായി പറയുന്നത് :ഉമ്മൻ ചാണ്ടി


ഗെയിൽ പദ്ധതി വൈകിപ്പിച്ചതിനു മാപ്പ് പറഞ്ഞിട്ടുവേണം ഇടതുപക്ഷം സ്വയം അഭിമാനിക്കാൻ എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. 

അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം... 

---------------------***************----------------------

"വാതക പൈപ്പ് ലൈന്‍ പൊട്ടിത്തെറിക്കുമെന്ന് പ്രചരിപ്പിച്ച് നാടിനെ ഭയാശങ്കയിലാക്കി പ്രക്ഷോഭം നടത്തിയവരാണ് ഇപ്പോള്‍ തങ്ങളുടെ ഏറ്റവും അഭിമാനകരമായ നേട്ടമായി ഗെയില്‍  പദ്ധതിയെ കൊണ്ടാടുന്നത് എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
പിണറായി  സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു  നേട്ടമായി ഉയര്‍ത്തിപ്പിടിക്കുന്നത്, യുഡിഎഫ് 90 ശതമാനം പൂര്‍ത്തിയാക്കിയ ഗെയില്‍ പദ്ധതിയാണ്. മുഖ്യമന്ത്രിയുടെ  പത്രസമ്മേളനത്തിലും ലേഖനത്തിലും സിപിഎം പ്രചാരണത്തിന് സര്‍ക്കാര്‍ അച്ചടിച്ചു നല്കുന്ന ലഘുലേഖയിലും സോഷ്യല്‍ മീഡിയയിലും ഈ നേട്ടമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.

എന്നാല്‍ യുഡിഎഫ് ഭരണകാലത്ത് സിപിഎം ഇതിനെതിരേ നടത്തിയ വ്യാപകമായ പ്രചാരണവും പ്രക്ഷോഭവും അവര്‍ മറന്നു. 'ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരേ സിപിഎം പ്രക്ഷോഭത്തിലേക്ക് ' എന്ന തലക്കെട്ടോടെ ഇറങ്ങിയ നോട്ടീസില്‍ നാടിന്റെ പൂര്‍ണ രക്ഷയ്ക്കായി സിപിഎം പ്രതിരോധ സമരം തുടങ്ങുകയാണെന്നു പറയുന്നു.  വോട്ട് നല്കിയ ജനങ്ങളെയും പ്രതിനിധീകരിച്ച നാടിനെയും, ഭയാശങ്കയിലാക്കിയ ജനപ്രതിനിധികളെയും ഭരണക്കാരെയും തിരിച്ചറിയണമെന്ന് ഉദ്‌ബോധിപ്പിക്കുന്നു. 2015 ജൂണ്‍ 16ന്  ഇത് ഒന്നാംഘട്ട സമരമാണെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.

സിപിഎമ്മിന്റെയും അവരോടൊപ്പം ചേര്‍ന്ന ചില തീവ്രസംഘടനകളുടെയും ശക്തമായ എതിര്‍പ്പിനെ മറികടന്നും ഗെയില്‍ വാതക പൈപ്പ് ലൈനിന് ആവശ്യമായ സ്ഥലം ഉപയോഗിക്കാന്‍ 90 ശതമാനം പേരില്‍ നിന്നും യുഡിഎഫ് അനുമതി നേടിയിരുന്നു. 28 സ്റ്റേഷനുകള്‍ക്ക്  സ്ഥലമെടുപ്പ് വേണ്ടിയിരുന്നതില്‍ 15 ഉം യുഡിഎഫ് പൂര്‍ത്തിയാക്കി.

യുഡിഎഫ് പദ്ധതി ലക്ഷ്യത്തിലെത്തിക്കുമെന്നു വ്യക്തമായപ്പോഴാണ് സിപിഎം വ്യാജപ്രചാരണവും പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്.  ആ പദ്ധതി ഇപ്പോള്‍ എല്‍ഡിഎഎഫ് മുന്നോട്ടുകൊണ്ടുപോകുന്നതില്‍ സന്തോഷമുണ്ട്.

നാഷണല്‍ ഗ്യാസ് നെറ്റ് വര്‍ക്കില്‍ കൊണ്ടുവരാന്‍ കൊച്ചിയില്‍ നിന്ന് മംഗലൂരുവിലേക്കും കോയമ്പത്തൂരിലേക്കുമുള്ള വാതക പൈപ്പ് ലൈന്‍ പദ്ധതി 2007ലാണ് ആരംഭിക്കുന്നത്. ഇത് പൂര്‍ത്തിയാകുമ്പോള്‍  വാതകരൂപത്തിലുള്ള ഗ്യാസ് ഉപഭോക്താക്കള്‍ക്ക് നേരിട്ട് എത്തിക്കാന്‍ സാധിക്കും.

ഗെയില്‍ പദ്ധതി വൈകിപ്പിച്ചതിന്  മാപ്പുപറഞ്ഞിട്ടുവേണം ഇടതുപക്ഷം സ്വയം അഭിമാനിക്കാന്‍.  കേരളത്തില്‍ ഉപേക്ഷിക്കപ്പെട്ടതും വൈകിയോടുന്നതുമായ പദ്ധതികളുടെ പിന്നില്‍ സിപിഎമ്മാണ്. "

Post a Comment

Previous Post Next Post

Display Add 2