Coronavirus(Covid-19) Home care and precautions

Coronavirus(Covid-19) Home care and precautions
നാം താമസിക്കുന്ന പ്രദേശത്ത് ഒരാൾക്ക് കോവിഡ് രോഗം സ്ഥിരികരിക്കുമ്പോൾ അനേകം സംശയങ്ങൾ ഉണ്ടാകാം. സാധാരണ കേൾക്കാറുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ... 

1. രോഗം സ്ഥിരീകരിച്ച ആളുടെ വീട്ടിൽ താമസിക്കുന്ന ആളാണ് ഞാൻ.  എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണം ?
     
ഒരേ വീട്ടിൽ താമസിച്ച്, രോഗിയുമായി നേരിട്ട് ബന്ധം പുലർത്തുന്നവർ പ്രാഥമിക (പ്രൈമറി) കോൺടാക്റ്റുകളാണ്. രോഗിയോടൊപ്പം അവസാനം ചിലവഴിച്ച ദിവസം മുതൽ 14 ദിവസം കർശനമായും വീടിനുള്ളിൽ കഴിയേണ്ടതാണ്. ഒരു കാരണവശാലും പുറത്തു പോകാൻ പാടില്ല. അവശ്യ സാധനങ്ങൾ സന്നദ്ധപ്രവർത്തകർ എത്തിക്കുന്നതാണ്. ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശപ്രകാരം ടെസ്റ്റ് നടത്തേണ്ടതാണ്. വീടിനുള്ളിലുള്ള ആരെങ്കിലും രോഗസാധ്യത ഉള്ളവരാണെങ്കിൽ (65 വയസ്സിനു മുകളിൽ പ്രായമുള്ളവർ, സ്ഥിരമായി മരുന്നു കഴിക്കുന്നവർ, ഗർഭിണികൾ) ഇവർക്കായി പ്രത്യേക മുറിയും കുളിമുറിയും മാറ്റിവെക്കുന്നതാണ് നല്ലത്. 

2. രോഗസാധ്യത ഉള്ളവരെ വീട്ടിൽ നിന്നു മാറ്റി പാർപ്പിക്കേണ്ടതുണ്ടോ ?

രോഗിയുമായി അടുത്തിടപഴകിയവരെ മറ്റ് വീടുകളിലേക്ക് കൊണ്ടുപോകുന്നത് അവിടെയും രോഗവ്യാപനത്തിന് കാരണമായിത്തീരാം. ഇപ്പോൾ നില്ക്കുന്ന വീട്ടിൽ തന്നെ പ്രത്യേക സൌകര്യങ്ങൾ മാറ്റി വെക്കുന്നതാണ് നല്ലത്. വീട്ടിനുള്ളിലും എല്ലാവരും മാസ്ക് ധരിക്കുകയും കൈകൾ ഇടയ്ക്കിടെ ശുചിയാക്കുകയും സാധനങ്ങൾ പങ്കിടാതിരിക്കുകയും ചെയ്യുക.


3. ഞാൻ രോഗിയെ നേരിട്ട് കണ്ടിട്ടില്ല. എന്നാൽ അദ്ദേഹത്തിന്‍റെ മകനുമായി അടുത്തിടപഴകിയിരുന്നു. ഞാൻ ക്വാറന്‍റൈനിൽ  കഴിയേണ്ടതുണ്ടോ  ?

നിങ്ങൾ ഇടപഴകിയിരിക്കുന്നത് രോഗിയോടല്ല, രോഗിയുടെ പ്രൈമറി കോൺടാക്റ്റ് ആയ മകനുമായി ആയതിനാൽ നിങ്ങൾ ദ്വിതീയ (സെക്കൻഡറി) കോൺടാക്റ്റ് ആണ്. നിങ്ങളും 14 ദിവസം കർശനമായും വീടിനുള്ളിൽ, ഒരു മുറിക്കുള്ളിൽ കഴിയേണ്ടതാണ്. ഒരു കാരണവശാലും പുറത്തു പോകാൻ പാടില്ല. എന്നാൽ ശ്രവ പരിശോധന രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ (പനി, ചുമ, ശ്വാസതടസ്സം, തലവേദന, ശരീരവേദന, ജലദോഷം, വയറിളക്കം) മാത്രം മതി.

4. ഞാൻ സെക്കൻഡറി കോൺടാക്റ്റ് ആണെങ്കിൽ എന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും ക്വാറന്‍റൈനിൽ കഴിയേണ്ടതുണ്ടോ  ?

ഇല്ല. അവരും സാമൂഹ്യ അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈകൾ ശുചിയാക്കുക, പൊതുയിടങ്ങളിൽ തുപ്പാതിരിക്കുക, പൊതു പരിപാടികളിൽ പങ്കെടുക്കാതിരിക്കുക- എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾ പാലിച്ചാൽ മാത്രം മതി. ഏതെങ്കിലും കാരണവശാൽ, നിങ്ങളുമായി ഇടപഴകിയ പ്രൈമറി കോൺടാക്റ്റിന് ടെസ്റ്റ് ചെയ്ത് പോസിറ്റീവ് ആയാൽ നിങ്ങൾ പ്രൈമറിയും അവർ സെക്കൻഡറിയും കോൺടാക്റ്റുകൾ ആവുകയും എല്ലാവരും ക്വാറന്‍റൈനിൽ പോവുകയും ചെയ്യേണ്ടി വരും

5. ഞാൻ താമസിക്കുന്ന വീടിന് അടുത്താണ് രോഗിയുടെ വീട്. ഞങ്ങൾ ആ വീട്ടിലെ ആരുമായും കഴിഞ്ഞ 2 ആഴ്ചയിൽ ഇടപഴകിയിട്ടില്ല. അവർ ഞങ്ങളുടെ വീടിനു മുന്നിലുള്ള വഴിയിലൂടെയാണ് പോകാറ്. ഞാൻ എന്തെങ്കിലും മുൻകരുതലുകൾ സ്വീകരിക്കണോ? എന്‍റെ വീട്ടിലെ കുഞ്ഞുങ്ങളെയും പ്രായമായവരെയും മാറ്റി പാർപ്പിക്കണോ  ?

നിങ്ങൾക്ക് രോഗിയുമായോ അവരുടെ പ്രൈമറി കോൺടാക്റ്റുകളുമായോ നേരിട്ട് സമ്പർക്കമില്ലാത്തതിനാൽ നിങ്ങൾ ഒരു പ്രാദേശിക കോൺടാക്റ്റ് മാത്രമാണ്. സാമൂഹ്യ അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈകൾ ശുചിയാക്കുക, പൊതുയിടങ്ങളിൽ തുപ്പാതിരിക്കുക, പൊതു പരിപാടികളിൽ പങ്കെടുക്കാതിരിക്കുക- എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾ പാലിച്ചാൽ മാത്രം മതി. തല്കാലം വീട്ടിലെ ആരെയും മാറ്റിപ്പാർപ്പിക്കേണ്ടതില്ല. വീടിനുള്ളിൽ അവർക്ക് മാത്രമായി പ്രത്യേക സൌകര്യങ്ങൾ ഒരുക്കുന്നതാണ് നല്ലത്.

6. ഞാൻ നടത്തുന്ന കടയിൽ രോഗി വന്നതായി പറയുന്നു. അദ്ദേഹത്തെ എനിക്ക് പരിചയമില്ല. അതുകൊണ്ട് വന്നോ എന്നോ ഞാനുമായി സമ്പർക്കം ഉണ്ടായിരുന്നോ എന്നോ അറിയില്ല. ഞാൻ എന്തു ചെയ്യണം  ?

നിങ്ങളുടെ കടയിൽ എത്തിയ ആളുകളുടെ പട്ടിക നിങ്ങളുടെ പക്കൽ കാണുമല്ലോ. അതിൽ പേരുണ്ടോ എന്ന് പരിശോധിക്കുക. ആ സമയത്ത് ഏതൊക്കെ ആളുകൾ കടയിൽ ഉണ്ടായിരുന്നോ, അവർക്കെല്ലാം ചെറുതോ വലുതോ ആയ സമ്പർക്കം ഉണ്ട്. അദ്ദേഹവുമായി സംസാരിക്കുകയോ, പണം വാങ്ങുകയോ ചെയ്തു എന്ന് സംശയിക്കുന്നവരെല്ലാം ക്വാറന്‍റൈൻ വേണ്ടവരാണ്. തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തരെ ഇക്കാര്യം അറിയിക്കേണ്ടതാണ്. അവർ റിസ്ക് പരിശോധിച്ച് ആവശ്യമെങ്കിൽ ടെസ്റ്റ് ചെയ്യാനുള്ള സൌകര്യം ഏർപ്പെടുത്തും.

7. രോഗി സഞ്ചരിച്ചതായി പറയുന്ന ഓട്ടോയിൽ ഞാനും പിന്നീട് സഞ്ചരിച്ചിട്ടുണ്ട്. എന്തു ചെയ്യണം  ?

രോഗി സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവർ പ്രൈമറി കോൺടാക്റ്റ് ആയതിനാൽ പിന്നീട് ആ ഓട്ടോയിൽ കയറിയവരെല്ലാം സെക്കൻഡറി കോൺടാക്റ്റുകളാണ്. ഓട്ടോയിൽ കയറിയ ദിവസം മുതൽ 14 ദിവസം നിരീക്ഷണത്തിലായിരിക്കുക. രോഗലക്ഷണമില്ലെങ്കിൽ സ്രവ പരിശോധന ആവശ്യമില്ല

8. രോഗി കയറിയ ഓട്ടോ ഓടിച്ച ആളുടെ ഭാര്യയോടൊപ്പം ഞാൻ ജോലി ചെയ്തിരുന്നു. ക്വാറന്‍റൈൻ ആവശ്യമാണോ  ?

ആവശ്യമില്ല. ഭാര്യ സെക്കൻഡറി കോൺടാക്റ്റ് മാത്രമാണ്. നിങ്ങൾ പ്രാദേശിക കോൺടാക്റ്റും. സാമൂഹ്യ അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈകൾ ശുചിയാക്കുക, പൊതുയിടങ്ങളിൽ തുപ്പാതിരിക്കുക, പൊതു പരിപാടികളിൽ പങ്കെടുക്കാതിരിക്കുക- എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾ പാലിച്ചാൽ മാത്രം മതി. ഓട്ടോ ഡ്രൈവർ ടെസ്റ്റ് ചെയ്ത് പോസിറ്റീവ് ആയാൽ ഭാര്യ പ്രൈമറിയും നിങ്ങൾ സെക്കൻഡറിയും കോൺടാക്റ്റുകൾ ആവുകയും ക്വാറന്‍റൈനിൽ പോവുകയും ചെയ്യേണ്ടി വരും

9. ഞങ്ങൾ സാധനങ്ങൾ വാങ്ങാൻ പോകാറുള്ള അതേ കടയിൽ തന്നെയാണ് രോഗിയും കുടുംബവും വരാറ്. ഞങ്ങൾ ക്വാറന്‍റൈനിൽ പോകണോ  ?

രോഗിയുമായും കുടുംബവുമായും നേരിട്ട് ഇടപഴകിയിട്ടില്ലെങ്കിൽ, അവിടെ കയറുന്നതിന് മുമ്പും ശേഷവും നിങ്ങൾ കൈകൾ ശുചിയാക്കിയതാണെങ്കിൽ, ക്വാറന്‍റൈൻ ആവശ്യമില്ല. പൊതു നിർദ്ദേശങ്ങൾ പാലിച്ചാൽ മതി.സംശയം ഉണ്ടേൽ തീർച്ചയായും ക്വാറന്റൈൻ ചെയ്യണം.

10. എങ്ങനെയാണ്  ടെസ്റ്റ് നടത്തുക? എത്ര സമയത്തിനുള്ളിൽ ഫലം അറിയാനാവും  ?

ടെസ്റ്റിന്‍റെ സമയവും സ്ഥലവും ആരോഗ്യ പ്രവർത്തകർ മുൻകൂട്ടി അറിയിക്കുന്നതാണ്. മൂക്കിൽ നിന്നുള്ള സ്രവമാണ് പരിശോധനക്ക് എടുക്കുന്നത്. ടെസ്റ്റ് വേദന ഉണ്ടാക്കുന്നതല്ല. രണ്ടോ മൂന്നോ മിനിറ്റ് മാത്രമേ സ്രവം എടുക്കുന്നതിന് ആവശ്യമുള്ളൂ. ഒരു മണിക്കൂറിനുള്ളിൽ ഫലം അറിയാനാവുമെങ്കിലും ജില്ലാ ഓഫീസിൽ അറിയിച്ച് സ്ഥിരീകരണം നേടിയിട്ടേ ഫലപ്രഖ്യാപനം നടത്താനാവൂ.

11. ഞാൻ രോഗിയുടെ അടുത്ത ബന്ധുവാണ്. ഇന്നലെയാണ് രോഗബാധ അറിഞ്ഞത്. എത്രയും പെട്ടെന്ന് പരിശോധന നടത്തണ്ടേ  ?

അവസാനമായി രോഗിയുമായി സമ്പർക്കം ഉണ്ടായതിനു ശേഷം കുറഞ്ഞത് അഞ്ചു ദിവസമെങ്കിലും പിന്നിടുമ്പോഴാണ് ശരിയായ ഫലം കിട്ടാൻ കൂടുതൽ സാധ്യത.

12. ഞാൻ രോഗിയുടെ പ്രാഥമിക കോൺടാക്റ്റ് ആയതിനാൽ എനിക്ക് ടെസ്റ്റ് ചെയ്തു, ഫലം നെഗറ്റീവാണ്. ഇനി ഞാനും ഞാനുമായി സമ്പർക്കം പുലർത്തിയവരും ക്വാറന്‍റൈനിൽ തുടരേണ്ടതുണ്ടോ  ?

നാം ചെയ്യുന്ന ടെസ്റ്റ് പോസിറ്റീവ് ആണെങ്കിൽ അയാളുടെ ശരീരത്തിൽ കൊറോണ വൈറസ് ബാധയുണ്ടെന്ന് ഉറപ്പിക്കാനാവും. എന്നാൽ, നെഗറ്റീവ് ആണെങ്കിൽ ഉറപ്പിക്കാനാവില്ല. ഒരു പക്ഷെ, ചില ദിവസങ്ങൾ കഴിഞ്ഞാവും ടെസ്റ്റിന് കണ്ടുപിടിക്കാനാവുന്ന അളവിലേക്ക് വൈറസ് എത്തുന്നത്. അതിനാൽ രോഗിയുമായി അവസാന സമ്പർക്കത്തിനു ശേഷം 14 ദിവസം നിർബന്ധമായും ക്വാറന്‍റൈനിൽ തുടരണം. ഈ ദിവസങ്ങളിൽ നിങ്ങൾക്ക് ഒരു രോഗലക്ഷണവും ഉണ്ടാവുന്നില്ലെങ്കിൽ നിങ്ങൾക്കും നിങ്ങളുമായി സമ്പർക്കത്തിൽ വരുന്ന സെക്കൻഡറി കോൺടാക്റ്റുകൾക്കും പതിനഞ്ചാം ദിവസം ക്വാറന്‍റൈൻ അവസാനിപ്പിക്കാം

13. ഞാൻ സെക്കൻഡറി കോൺടാക്റ്റ് ആയതിനാൽ എനിക്ക് ടെസ്റ്റ് ചെയ്യേണ്ടതില്ല എന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു. പക്ഷെ, രോഗികൾ വീട്ടിലുള്ളതുകൊണ്ട് ഒരു മന സമാധാനത്തിനു വേണ്ടി ടെസ്റ്റ് ചെയ്യാനാവുമോ  ?

നമ്മുടെ വിഭവങ്ങൾ ഏറ്റവും നീതിപൂർവ്വമായി ഉപയോഗിച്ചാലേ ഭാവിയിൽ ആവശ്യം കൂടുതലായി ഉണ്ടാകുമ്പോൾ ഉപയോഗിക്കാനാവൂ. വളരെ ആഗ്രഹമുണ്ടെങ്കിൽ സ്വകാര്യ ലാബുകളിൽ (ഉദാ. ഡി.ഡി.ആർ.സി.) നിന്ന് ടെസ്റ്റ് ചെയ്യാവുന്നതാണ്.

14. എപ്പോഴാണ് ഒരു പ്രദേശം കൺടെയിൻമെന്‍റ് സോൺ ആയി പ്രഖ്യാപിക്കുന്നത്.  ?

എവിടെ നിന്നു രോഗ ബാധ ഉണ്ടായി എന്നു വ്യക്തമല്ലാത്ത കേസുകളും നിശ്ചിത എണ്ണത്തിലധികം പ്രൈമറി, സെക്കൻഡറി കോൺടാക്റ്റുകളും ഉണ്ടാകുമ്പോഴാണ് ജില്ലാ ഭരണകൂടം ഒരു പ്രദേശത്തെ കൺടെയിൻമെന്‍റ് സോൺ ആയി പ്രഖ്യാപിക്കുന്നത്.

മാസ്ക് ധരിക്കുന്നത് ശീലമാക്കുക... 
മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ ഒരിക്കലും മാസ്ക് താഴ്ത്തി പിടിക്കാതിരിക്കുക.... 
ഫ്രണ്ട്‌സ്, കുടുംബം, സഹപ്രവർത്തകർ ആരും ആകട്ടെ സംസാരിക്കുമ്പോൾ മാസ്ക് ധരിക്കാൻ നിർബന്ധ്ദ്ധമായും ശ്രദ്ധിക്കുക.... 

നിങ്ങളുടെ അശ്രദ്ധ നാടിനെ തന്നെ ഇല്ലാതാക്കും.

നല്ലൊരു നാളേക്കായ്.....മാസ്ക് ധരിക്കൂ കൈകൾ ശുദ്ധമാകൂ... 




Post a Comment

Previous Post Next Post

Display Add 2