Six lives were saved following the wireless message. Read More...
കോഴിക്കോട് : കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിൽ വന്ന അവ്യക്തമായ വയർലെസ് സന്ദേശത്തെ പിന്തുടർന്നു പാറാവു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ പവിത്രൻ രക്ഷകനായത് ആറു ജീവനുകൾക്ക്. ബുധനാഴ്ച ഉച്ചക്ക് കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെ വയര്ലെസ്സിൽ ആണ് എവിടെ നിന്നാണ് എന്ന് വ്യക്തമാകാത്ത ഒരു സന്ദേശം എത്തിയത്. മുറിഞ്ഞു മുറിഞ്ഞു പതറിയ ശബ്ദത്തിൽ സഹായം അഭ്യർഥിച്ചുള്ള ഒരു സന്ദേശം. പാറാവു ഡ്യൂട്ടിയിലായിരുന്ന CPO പവിത്രൻ ഒന്നൂടെ സന്ദേശം കാതോർത്തു. എന്നാൽ പിന്നീട് അത് കേൾക്കാൻ സാധിച്ചില്ല. ഒറ്റത്തവണ മാത്രം കേട്ട സന്ദേശം ചുമ്മാ തള്ളി കളയാൻ ആദേഹം തയ്യാറായില്ല. മരണ ഭയത്തോട് കൂടിയുള്ള ആ സന്ദേശത്തിന്റെ സംശയം തീർക്കാൻ കൺട്രോൾ റൂമിൽ വിളിച്ചു അദ്ദേഹം. എന്നാൽ അങ്ങനെ ഒരു മെസ്സേജ് അവിടെ വന്നിട്ടില്ലായിരുന്നു. ഇനി കേൾക്കാതെ പോയതാണോ എന്നറിയാൻ റെക്കോർഡ് ചെയ്ത മെസ്സേജ് കേട്ടുനോക്കി. അങ്ങനെ ഒരു മെസ്സേജ് അതിലും ഇല്ലാ. കോഴിക്കോട് ജില്ലയിലെ മൊത്തം വയർലെസ്സ് കൈകാര്യം ചെയ്യുന്ന ടെലികമ്മ്യൂണിക്കേഷൻ വിങ്ങിൽ ബന്ധപെട്ടപ്പോഴും അങ്ങനെ ഒരു സന്ദേശം ആർക്കും കിട്ടിയിട്ടില്ല എന്ന റിപ്പോർട്ട് ആയിരുന്നു.
താൻ കേട്ട മരണഭയത്തോട് കൂടിയുള്ള ആ സന്ദേശം അങ്ങനെ വിട്ടുകളയാൻ പവിത്രൻ തയ്യാറായില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് രക്ഷിക്കാനായത് കടലിൽ മുങ്ങി താഴ്ന്നു പോകുമായിരുന്ന ആറു മത്സ്യ തൊഴിലാളികളെ. വയര്ലെസ്സിൽ വളരെ അപൂർവമായി എഫ് എം സംഭാഷണങ്ങളും എത്താറുണ്ട്, അങ്ങനെ വല്ലതും ആകും എന്ന് അദ്യം ചിന്തിച്ചെങ്കിലും ആ നിലവിളി കേട്ട് അടങ്ങിയിരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ടെലി കമ്മ്യൂണിക്കേഷൻ വിങ്ങിൽ ബന്ധപ്പെട്ടശേഷം മറൈന് എൻഫോഴ്‌സ്‌മെന്റിൽ ജോലി ചെയ്യുന്ന സുഹൃത്തിനെ സ്വന്തം നിലക്ക് ബന്ധപെട്ടു എവിടെയോ ഒരു ഫിഷിങ് ബോട്ട് അപകടത്തിൽ പെട്ടിട്ടുണ്ടാകാം എന്ന വിവരം അദ്ദേഹം നൽകി. എന്നാൽ അവിടെ ആർക്കും അങ്ങനെ ഒരു സന്ദേശം ലഭിച്ചിരുന്നില്ല. എന്നിരുന്നാലും കസബ പൊലീസ് സ്റ്റേഷനിൽ നിന്നും ലഭിച്ച വിവരത്തിൽ അവർ കോസ്റ്റ് ഗാർഡിനും മത്സ്യത്തൊഴിലാളികളും സന്ദേശം കൈമാറി.
ഉടനെ തന്നെ തിരച്ചിൽ ആരംഭിച്ച അവർ കടലുണ്ടിയിൽ നിന്നും 17 നോട്ടിക്കൽ മൈൽ അകലത്തിൽ ഒരു ഫിഷിങ് ബോട്ട് മുങ്ങി താഴുന്നത് കണ്ടെത്തി. ബോട്ടിൽ ഉണ്ടായിരുന്ന ആറുപേരെയും രക്ഷിച്ചെടുത്തു. അല്പം വൈകിയിരുനെങ്കിൽ ആറു ജീവനുകൾ കടലിൽ മുങ്ങുമായിരുന്നു.
തങ്ങൾക്കല്ലാതെ വന്ന ആ സന്ദേശത്തെ പിന്തുടരാൻ തന്നെ പ്രേരിപ്പിച്ചത് ഒരു നിമിത്തമാണ് എന്നാണ് സിവിൽ പോലീസ് ഓഫീസർ പവിത്രൻ പറയുന്നത്. മീൻപിടിത്തക്കാർ അനുവദനീയ സ്ഥലം വിട്ട് ഉള്ളിലോട്ടു തെററി പോയതോടെ മൊബൈൽ റേഞ്ച്, വയർലെസ്സ് സംവിധാനവും ഇല്ലാതായത്. കയ്യിൽ ഉണ്ടായിരുന്ന വാക്കി ടോക്കിയിൽ വഴി അറിയിച്ച സഹായ അഭ്യർത്ഥനയാണ് കസബ സ്റ്റേഷനിലെ പവിത്രന്റെ ശ്രദ്ധയിൽ പെട്ടത്. അപകടത്തിൽ പെട്ടവരെ രക്ഷിച്ചു വൈദ്യ സഹായം നൽകിയശേഷം മറൈൻ എൻഫോഴ്‌സ്‌മെന്റ് വിളിച്ചറിയിച്ചപ്പോഴാണ് താൻ പിന്തുടർന്ന സന്ദേശത്തിനു പിറകിൽ ആറു ജീവനുകൾ ഉണ്ടായിരുന്നു എന്ന് പവിത്രനും അറിയുന്നത്.
മത്സ്യ തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ സഹായിച്ച പവിത്രനെ ജില്ല പോലീസ് മേധാവി അനുമോദിക്കുകയും റിവാർഡ് പ്രഖ്യാപിക്കുകയും ചെയ്തു. ഒറ്റ തവണ മാത്രം കേട്ട സന്ദേശത്തെ പിന്തുടരാൻ തോന്നിയതും ആറു ജീവനുകൾ രക്ഷിക്കാൻ ഉള്ള തന്റെ നിയോഗമാകാമെന്ന വിശ്വാസത്തിലാണ് പവിത്രൻ.
Post a Comment