കെ ആർ നാരായണന്റെ കോട്ടയിൽ വീട്ടിൽ ഫോണെത്തി : TN Prathapan
KR Narayanan 100th birthday
കെ ആർ നാരായണന്റെ ജന്മശതാപ്തിയിൽ അദ്ദേഹവുമായുള്ള ആത്മ ബന്ധ ഓർമ്മകൾ പുതുക്കി ടി എൻ പ്രതാപൻ എം പി.
കെ എസ് യു ജില്ല സെക്രട്ടറി ആയിരിക്കുമ്പോൾ വീട്ടിൽ കെ ആർ നാരായണന്റെ കോട്ടയിൽ ടെലിഫോൺ ലഭിച്ചതും അദ്ദേഹവുമൊത്തുള്ള നിമിഷങ്ങളും ആണ് എം പി ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
ടി എൻ പ്രതാപൻ എം പി യുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം
***********------------------------*****************
കെ ആർ നാരായണൻ ഒറ്റപ്പാലത്ത് മത്സരിച്ചപ്പോൾ അദ്ദേഹത്തിന് വേണ്ടി ബ്ലാക് ആൻഡ് വൈറ്റ് പോസ്റ്റർ തയ്യാറാക്കാനുള്ള ചുമതല അന്നത്തെ കെ എസ് യു ജില്ലാ പ്രെസിഡന്റായിരുന്ന എനിക്കായിരുന്നു. രവീന്ദ്രൻ വലപ്പാട് എന്ന കലാകാരനെ കൊണ്ട് അത് തയ്യാറാക്കി. ഞാനും കെ എസ് യു സംസ്ഥാന സെക്രട്ടറിയായിരുന്ന അബ്രഹാം ചെറിയാനും ചേർന്ന് അത് പ്രിന്റെടുത്തു. അന്നുമുതൽ കെ ആർ നാരായണനോട് വലിയ അടുപ്പമായി. അദ്ദേഹം ജയിച്ച് ഡൽഹിയിലെത്തി. രാജീവ് ഗാന്ധി മന്ത്രിസഭയിൽ അംഗവുമായി.
ഒരിക്കൽ എന്നെയും അബ്രഹാമിനെയും അന്നത്തെ കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് എം പി വിൻസെന്റിനെയും കെ ആർ നാരായണൻ ഡൽഹിയിലേക്ക് വിളിപ്പിച്ചു. അദ്ദേഹത്തിന്റെ അതിഥികളായി ഞങ്ങൾ മൂന്നുപേരും കൂടെ സുഹൃത്ത് മാളിയേക്കൽ ഹുസൈനും പോയി. മന്ത്രിയുടെ വസതിയിലിരിക്കെ ഹുസ്സൈൻ തന്റെ നാട്ടിലുള്ള ഗ്യാസ് ഏജന്സിയിലേക്ക് വിവരങ്ങളറിയാൻ വിളിച്ചു. ഫോണുള്ള നാട്ടിലെ ചുരുക്കം ചില ഇടങ്ങളിലൊന്നായിരുന്നു ഹുസൈന്റെ ഏജൻസി. എന്റെ വീടുള്ള തീരദേശത്താണെങ്കിൽ ഫോണേ ഇല്ല. അപ്പോഴാണ് അറിയുന്നത്, തളിക്കുളത്ത് ഉത്സവത്തിന് വന്ന ആന വിരണ്ടോടിയതും എന്റെ വീടിനടുത്തുകൂടി ഓടി മാളിയേക്കൾക്കാരുടെ മതില് പൊളിച്ചതും മറ്റും. ആന നേരെ കടപ്പുറത്തു ചെന്നുനിന്നത്രെ. നാട്ടിലാകെ ഭീതി പരന്ന ആ സംഭവമോർത്ത് എനിക്ക് വലിയ വേവലാതിയായി.
വീട്ടിലെ വിവരങ്ങൾ അന്വേഷിക്കാൻ വീട്ടിൽ ഫോണില്ലേ എന്ന് കെ ആർ നാരായണൻ ചോദിച്ചു. ഇല്ലെന്നറിഞ്ഞപ്പോൾ എന്റെ വിലാസം എഴുതി വാങ്ങിച്ചു. ഫോണിന് അപേക്ഷിച്ചോളാനും പറഞ്ഞു. നാട്ടിൽ തിരിച്ചെത്തി പതിനഞ്ചിന്റെ അന്ന് വീട്ടിൽ ഫോണെത്തി. കെ ആർ നാരായണന്റെ ക്വോട്ടയിലായിരുന്നു ആ ഫോൺ അനുവദിച്ചു കിട്ടിയത്. അന്നുമുതലേ അദ്ദേഹത്തോടും കുടുംബത്തോടും നല്ല അടുപ്പമായിരുന്നു.
നന്മയും നൈർമല്യവുമുള്ള ആ മനുഷ്യൻ ദാരിദ്ര്യത്തിൽ നിന്നാണ് ലോകത്തിലേറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നെറുകയിലെത്തിയത്.
കെ ആർ നാരായണൻ ഒരു ജനതയുടെ ഉയിർപ്പിന്റെ പ്രതീകം കൂടിയായിരുന്നു. രാഷ്ട്രത്തിന്റെ പ്രഥമ പൗരത്വം അലങ്കരിക്കുമ്പോൾ സഹസ്രാബ്ദങ്ങളായി അരികുവത്കരിക്കപ്പെട്ട ഒരു ജനതക്ക് സാമൂഹിക ഉച്ഛനീചത്വങ്ങളുടെ വൈതരണികളെ മറികടക്കാനുള്ള ഊർജ്ജം കൂടി സമ്മാനിക്കുകയായിരുന്നു അടിച്ചമർത്തപ്പെട്ടവരുടെ പ്രതിനിധാനം എന്ന നിലക്ക് അദ്ദേഹം.
കെ ആർ നാരായണന്റെ ജന്മ ശതാബ്ദി വേളയിൽ കോൺഗ്രസ് പ്രസ്ഥാനം ലോകത്തിന് വിഭാവനം ചെയ്ത സാമൂഹിക നീതി രാഷ്ട്രീയത്തിന്റെ പ്രാവർത്തിക പാഠങ്ങൾ കൂടി സ്മരിക്കപ്പെടേണ്ടതുണ്ട്.
ഓർമ്മകൾക്ക് മുന്നിൽ കൂപ്പുകൈ
ടി എൻ പ്രതാപൻ
✍️
Post a Comment