കടൽ കൊള്ളക്ക് ഡീൽ ഉറപ്പിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ : രമേശ്‌ ചെന്നിത്തല Deep sea fisheries- American company

Chief Minister Pinarayi Vijayan is the real culprit behind the opportunity given to the American company to plunder the deep sea fisheries.



ആഴക്കടൽ മാത്‍സ്യബന്ധന കരാർ : ഡീൽ ഉറപ്പിച്ചത് 3 വർഷം ചർച്ച ചെയ്ത്


അമേരിക്കൻ  കമ്പനിക്ക് ആഴക്കടൽ  മത്സ്യസമ്പത്ത് കൊള്ളയടിക്കാൻ  അവസരമൊരുക്കിയതിന് പിന്നിലെ യഥാർത്ഥ പ്രതികൾ  മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മയും ഇ.പി.ജയരാജനുമാണ് എന്ന്‌ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. മുഖ്യമന്ത്രിക്ക് ധാരണാപത്രത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാമായിരുന്നുവെന്നും  ദീർഘകാലത്തെ ചർച്ചകൾക്കു ശേഷമാണ് ധാരണാപത്രം ഒപ്പിട്ടതെന്നും അദ്ദേഹം ആരോപിച്ചു. 

നിക്ഷേപക സംഗമമായ അസെന്റിന്  മൂന്നു വർഷങ്ങൾക്ക്  മുൻപ് 2019 ഒക്ടോബർ മൂന്നിന് പ്രിൻസിപ്പൽ  സെക്രട്ടറിയായ ജ്യോതിലാൽ കേന്ദ്ര വിദേശകാര്യ ജോയിന്റ് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്.
ഇ എം സി സിയുടെ യോഗ്യതകൾ  ആരാഞ്ഞുകൊണ്ടാണ് കത്ത്. പ്രിൻസിപ്പൽ  സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെങ്കിൽ  അത്  സർക്കാരിന്റെ അനുമതിയോടെയായിരിക്കും. നിക്ഷേപക സംഗമത്തിന് മുൻപേ  ആഴക്കടൽ  മത്സ്യബന്ധനത്തെക്കുറിച്ച് വിശദമായ അറിവ് സംസ്ഥാനത്തിനുണ്ട് എന്നാണ് ഇത് വ്യക്തമാക്കുന്നത്. മൂന്നു വർഷമായി മുഖ്യമന്ത്രിയും, മന്ത്രിമാരും,വകുപ്പു തലവന്മാരും കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തുകയാണ്

2019ൽ  മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തിയതായി
ഇ എം സി സി പ്രസിഡന്റ് തന്നെ വ്യക്താക്കിക്കഴിഞ്ഞു. എല്ലാം ഉദ്യോഗസ്ഥരുടെ  തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാണ് സർക്കാരിന്റെ ശ്രമം. ഈ വിഷയം ഞാൻ  ഉന്നയിച്ചില്ലായിരുന്നെങ്കിൽ  കരാറുമായി സർക്കാർ  മുന്നോട്ടുപോകുമായിരുന്നു.അമേരിക്കൻ  കമ്പനി മത്സ്യസമ്പത്ത് കൊള്ളയടിക്കുകയും  നമ്മുടെ മത്സ്യത്തൊഴിലാളികളെ നിത്യദുരിതത്തിലേക്ക് തള്ളിയിടുകയും ചെയ്യുമായിരുന്നു. ഉദ്യോഗസ്ഥർ  മാത്രം വിചാരിച്ചാൽ ഇങ്ങനെ ഒരു കരാർ നടപ്പിലാക്കാൻ  പറ്റില്ല.കേരളത്തിന്റെ താല്പര്യങ്ങൾ  തകർത്ത് അമേരിക്കൻ  കമ്പനിയെ സഹായിക്കാനാണ് സർക്കാർ ശ്രമിച്ചത്. വിശദമായി പഠിച്ച് ഡീലുറപ്പിച്ച ശേഷമാണ് അമേരിക്കൻ  കമ്പനിയുമായി കരാർ  ഒപ്പിട്ടത്.

ധാരണാപത്രം ഒപ്പിട്ടെങ്കിലും നിയമസഭയിൽ  ഇക്കാര്യം വ്യവസായമന്ത്രി ഒളിച്ചുവച്ചു. നിക്ഷേപക സംഗമമായ അസെന്റിൽ  വച്ച് ധാരണാപത്രം ഒപ്പിട്ടു എന്നാണ് സർക്കാർ ആദ്യം പറഞ്ഞത്. എന്നാൽ അസെന്റ് പരിപാടി നടന്നത് 2020 ജനുവരി 9,10 തീയ്യതികളിലും  സർക്കാർ കരാർ ഒപ്പിട്ടിരിക്കുന്നത് ഫെബ്രുവരി 28 നുമാണ്. അതായത് അസെന്റ്  സംഗമം നടന്ന്  48 ദിവസങ്ങൾക്ക് ശേഷമാണ് ഈ കരാർ ഒപ്പിട്ടിരിക്കുന്നത്.  മേഴ്സിക്കുട്ടിയമ്മ വാദിക്കുന്നത് പോലെ അസെന്റിൽ  വന്ന കൊട്ടക്കണക്കിന് പദ്ധതികൾ കണ്ണടച്ചു ഒപ്പിട്ടതിന്റെ  ഭാഗമായിട്ടല്ല ഈ കരാർ ഒപ്പിട്ടത് എന്ന് വ്യക്തം. ഡീൽ  ഉറപ്പിക്കാനായിരുന്നു ഈ 48 ദിവസം.

ഇ എം സി സി യുമായുള്ള ദുരൂഹമായ ഇടപാടുകൾ നിയമസഭയിൽനിന്ന് മറച്ചുവയ്ക്കാനും സർക്കാർ ബോധപൂർവമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. 2020 ഫെബ്രുവരി 12 ന് എംഎൽഎമാരായ മോൻസ് ജോസഫ്,
പി ജെ ജോസഫ്,
സി എഫ് തോമസ് എന്നിവർ അസെന്റിൽ  സമർപ്പിക്കപ്പെട്ട താൽപര്യപത്രങ്ങളുടെയും, ഒപ്പിട്ട ധാരണാപത്രങ്ങളുടെയും വിശദമായ ലിസ്റ്റ് ആവശ്യപ്പെട്ട് ചോദ്യം ഉന്നയിച്ചിരുന്നു. ഇതിനു നൽകിയ മറുപടിയിൽ ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട്  ഇ എം സി സി യുമായി ഉണ്ടാക്കിയ ധാരണാപത്രത്തെപ്പറ്റി മന്ത്രി മൗനം പാലിച്ചു. ധാരണാപത്രം ഒപ്പിട്ടത് ഫെബ്രുവരി 28 നാണ്  എന്നകാര്യം അംഗീകരിച്ചാൽ തന്നെ  ഇതിനുശേഷം മാർച്ച് മൂന്നിന് പി കെ ബഷീറിന്റെ ചോദ്യത്തിനുള്ള മറുപടിയിലും
ഇ എം സി സിയെ ജയരാജൻ ബോധപൂർവം ഒഴിവാക്കിയിരിക്കുന്നതായി കാണാം. അസെന്റുമായി ബന്ധപ്പെട്ട്  ധാരണാപത്രം ഒപ്പിട്ട 32 പദ്ധതികളുടെ ലിസ്റ്റ് സഭയിൽ സമർപ്പിച്ചിട്ടും ഇ എം സി സിയുമായി  ഉണ്ടാക്കിയ ധാരണാപത്രം മാത്രം ഉൾപ്പെടാത്തത് എന്തുകൊണ്ട്  എന്ന്  ജയരാജൻ വിശദീകരിക്കേണ്ടതാണ്. അതല്ലെങ്കിൽ അസെന്റിൽ വയ്ക്കാതെ പിന്നീട് തിരുകി കയറ്റിയതാണോ ഈ പദ്ധതി എന്നും ജയരാജൻ തന്നെ  വ്യക്തമാക്കണം.

ഫിഷറീസ് വകുപ്പിന് 
ഇ എം സി സി നൽകിയ രേഖ വിശദമായ വകുപ്പുതല പരിശോധനകൾക്ക് ശേഷം ധാരണപത്രം ഒപ്പിടുന്നതിനായി അസെന്റിലേക്ക് ഫിഷറീസ് വകുപ്പ് ശുപാർശ ചെയ്യുകയാണ് ഉണ്ടായത്. വകുപ്പ് മന്ത്രിമാർ,
ചീഫ് സെക്രട്ടറി, ഫിഷറീസ് ഡയറക്ടർ, ഫിഷറീസ് സെക്രട്ടറി,  വ്യവസായ സെക്രട്ടറി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ്
ഇ എം സി സി യുമായി കരാർ വയ്ക്കാൻ തീരുമാനിക്കുന്നത്. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പദ്ധതിയാണ് എന്ന കാര്യം  പദ്ധതിരേഖയുടെ തലക്കെട്ടിൽ നിന്നും ഉള്ളടക്കത്തിൽ നിന്നും വളരെ വ്യക്തമാണ്. ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോടു കൂടിയാണ്  2020 ഫെബ്രുവരി 28ന്
കെ എസ് ഐ ഡി സി എം ഡിയായ രാജമാണിക്യം  ആഴക്കടൽ മത്സ്യബന്ധനത്തിന് സർക്കാരിന്റെ പൂർണ പിന്തുണ വാഗ്ദാനം നൽകുന്ന ധാരണാപത്രം ഒപ്പ് വെയ്ക്കുന്നത്. പദ്ധതിക്ക് സർക്കാരിന്റെ പൂർണ പിന്തുണയുണ്ടെന്നും സർക്കാരിന്റെ പ്രതിനിധിയായിട്ടാണ് രാജമാണിക്യം ഇതിൽ  ഒപ്പുവയ്ക്കുന്നത് എന്നും കരാറിൽ പ്രത്യേകം പറയുന്നു.
ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ, മത്സ്യഫെഡ്, പോർട്ട്, ഷിപ്പിയാർഡ് തുടങ്ങി 13 സ്ഥാപനങ്ങളുമായുള്ള ഇഎംസിസിയുടെ സഹകരണവും ഈ കരാറിൽ പറയുന്നുണ്ട്.

മേഴ്സിക്കുട്ടിയമ്മ അമേരിക്കയിൽ പോയ സമയം മുതൽ ഏതാണ്ട് മൂന്നു വർഷക്കാലം, വ്യവസായമന്ത്രി, ഫിഷറീസ് മന്ത്രി, മുഖ്യമന്ത്രി, വിവിധ വകുപ്പ്  തലവന്മാർ എന്നിവരുമായി വിശദമായ ചർച്ച നടത്തി, കേന്ദ്ര ഗവൺമെന്റുമായി ആശയ വിനിമയം നടത്തിയതിനുശേഷം മാത്രമാണ് സർക്കാർ കരാർ നടപടിക്രമങ്ങളുമായി മുന്നോട്ടു പോയത്. ഇക്കാര്യങ്ങൾ എല്ലാം മുൻകൂട്ടി അറിയുന്ന ആളാണ് മുഖ്യമന്ത്രി. എന്നിട്ടും ഈ മാസം 11ന് വ്യവസായ മന്ത്രി ഇ പി ജയരാജന്റെ  ഓഫീസിൽ ഇ എം സി സി യുടെ പ്രതിനിധികൾ വന്ന് സമുദ്ര ഗവേഷണത്തിനുള്ള അപേക്ഷ സമർപ്പിച്ചു എന്നാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പച്ചക്കള്ളം പറഞ്ഞത്.   ഫിഷറീസ് വകുപ്പ് മന്ത്രി യോടൊപ്പം
ഇ എം സി സി യുടെ സി ഇ ഒയുമായി  മുഖ്യമന്ത്രി തന്റെ  ഔദ്യോഗിക വസതിയിൽ വച്ച് നേരിട്ട് കൂടിക്കാഴ്ച നടത്തുക പോലുമുണ്ടായി. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വിശദീകരണം നൽകിയിട്ടില്ലെങ്കിലും കമ്പനി പ്രതിനിധികൾ ശരിവെച്ചിട്ടുണ്ട്. മുൻപ് സ്വപ്ന സുരേഷിനെ കണ്ടുവെന്ന കാര്യം മറന്നു പോയത് പോലെ മുഖ്യമന്ത്രി ഇതു മറന്നു പോകാൻ ഇടയുണ്ട്.

ഇത് പ്രതിപക്ഷ ഗൂഢാലോചനയാണ് എന്ന വിചിത്ര വാദമാണ് ഇ പി ജയരാജനും മേഴ്സിക്കുട്ടിയമ്മയും ഉയർത്തുന്നത്. ഇക്കാര്യത്തിൽ ഇ എം സി സിയുമായി   എന്തുതരം സഹകരണമാണ് പ്രതിപക്ഷ നേതാവിനു സാധ്യമാവുക എന്ന് കൂടി അവർ വ്യക്തമാക്കണം. ഞങ്ങൾ 5000 കോടി രൂപയുടെ ഒരു പദ്ധതി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അത് എങ്ങനെയെങ്കിലും ഒന്ന് പൊളിച്ചു തരണം  എന്നാണോ ഇഎംസിസിക്കാർ പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെട്ടത് ? 

400 യാനങ്ങൾ ഉണ്ടാക്കാനുള്ള ഉപകരാർ മാത്രമല്ല,അസെന്റിൽ  വെച്ച് സർക്കാർ ഒപ്പിട്ട 5000 കോടി രൂപയുടെ ധാരണാപത്രവും,
കെ എസ് ഐ ഡി സിയുടെ നാലേക്കർ ഭൂമി ഇ എം സി സിക്ക് നൽകാനുള്ള തീരുമാനവും സർക്കാർ നിരുപാധികം പിൻവലിക്കണം. കേരളത്തിലെ മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള, കടലിനെ അമേരിക്കൻ കമ്പനിക്കു  തീറെഴുതാൻ വേണ്ടിയുള്ള  എല്ലാ നടപടികളെയും പ്രതിപക്ഷം ശക്തമായി എതിർക്കും എന്നും പ്രതിപക്ഷനേതാവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.



Post a Comment

Previous Post Next Post

Display Add 2