Facebook pro-BJP stance അന്വേഷണം ആവിശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌.

Facebook pro-BJP stance,Congress demands Enquiry. Read More 
ഇന്ത്യയിൽ ഫേസ്ബുക്കിന്റെ ബിജെപി അനുകൂല നിലപാടിൽ അന്വേഷണം ആവിശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ഫേസ്ബുക്ക് സിഇഒ മാർക്ക്‌ സുക്കെർബർഗിന് കത്തയച്ചു. 
ഇന്ത്യയിൽ ഫേസ്ബുക്ക് നിയന്ത്രണം RSS, BJP കൈകളിലാണ് എന്ന്‌ കഴിഞ്ഞ ദിവസം രാഹുൽഗാന്ധി ആരോപിച്ചിരുന്നു.
ഇതിനെ തുടർന്നാണ് AICC ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഫേസ്ബുക്ക് സിഇഒ ക്ക് കത്തയച്ചത്. ഫേസ്ബുക്ക് ഇന്ത്യയുടെ പക്ഷപാതപരമായ നിലപാടിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട്‌ സമർപ്പിക്കാൻ ആവിശ്യപ്പെട്ട് കത്തയച്ചതായി കെസി വേണുഗോപാൽ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. 

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം 

സാമൂഹ്യ മാധ്യമങ്ങളുടെ കടന്നുവരവ് ജനാധിപത്യത്തെ കൂടുതൽ മികവുറ്റതാക്കാൻ വഴിവെച്ചിട്ടുണ്ടെന്നതിൽ തർക്കമില്ല.  പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിലും, മാധ്യമ ഇടപെടലുകൾ വലിയ അളവിൽ വികേന്ദ്രീകൃതമാക്കുന്നതിലും ഫേസ്ബുക്കും, വാട്സ് ആപ്പും ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങൾ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. എന്നാൽ ഇത്തരം സാമൂഹ്യ മാധ്യമങ്ങൾ ജനാധിപത്യ പ്രക്രിയയിൽ നടത്തുന്ന  അനാരോഗ്യകരമായ ഇടപെടലുകൾ ആഗോളതലത്തിൽ തന്നെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഫേസ്ബുക് തലവൻ ഉൾപ്പെടെയുള്ളവരെ ഇക്കാര്യത്തിൽ വിളിച്ചുവരുത്തി യു.എസ് കോൺഗ്രസ് വിശദീകരണം തേടിയിട്ടുമുണ്ട്. 

അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ് ജേണൽ ഇന്ത്യയിലെ ഭരണപക്ഷത്തിന് അനുകൂലമായി ഫേസ്ബുക് നിലപാട് സ്വീകരിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. 
കലാപത്തിലേക്ക് തന്നെ ഇടയാക്കിയേക്കാവുന്ന വർഗീയ പരാമർശങ്ങൾക്കെതിരെയും, തെറ്റായ വാർത്തകൾക്കെതിരെയും നടപടി സ്വീകരിക്കാതെ ബിജെപിക്കു അനുകൂലമായ ഇടപെടലുകൾ ഫേസ്ബുക് ഇന്ത്യ സ്വീകരിക്കുന്നു എന്നുള്ള അത്യന്തം ഗുരുതരമായ കാര്യങ്ങളാണ് ഈ റിപ്പോർട്ട് പുറത്തു വിട്ടത്. വിഭാഗീയ- വിദ്വേഷ പ്രസ്താവനകൾക്കെതിരെ നടപടിയെടുക്കാതെയുള്ള പക്ഷപാതപരമായ നിലപാട് ആരോഗ്യകരമായ ജനാധിപത്യ സംവിധാനത്തിന് ഒട്ടും ഭൂഷണമല്ല. ആഗോളതലത്തിൽ തന്നെ ഏറ്റവുമധികം സാമൂഹ്യ മാധ്യമ ഉപഭോക്താക്കളുള്ള ഇന്ത്യയിൽ ഇത്തരം പക്ഷപാതപരമായ സമീപനം സത്യം മൂടിവെക്കാനും, വിദ്വേഷ പ്രചരണങ്ങൾ തടസമേതുമില്ലാതെ പ്രചരിപ്പിക്കാനും വഴിയൊരുക്കും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഫേസ്ബുക് ഇന്ത്യയുടെ പ്രവർത്തനങ്ങളെക്കുറിച്ചു സമയബന്ധിതമായി അന്വേഷണം നടത്തി പൊതുജനസമക്ഷം റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ടു ഫേസ്ബുക് സി. ഇ. ഒ. മാർക്ക് സുക്കെർബെർഗിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കത്തയച്ചു. ഫേസ്ബുക് ഇന്ത്യയുടെ പക്ഷപാതപരമായ നിലപാട് ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളുടെ കടക്കൽ കത്തിവെക്കുന്ന സമീപനമാണെന്നും, ഈ  വിഷയവുമായി ബന്ധപ്പെട്ടു നിക്ഷപക്ഷമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 2014 മുതൽ ഫേസ്ബുക് ഉൾപ്പെടെയുള്ള പ്ലാറ്റുഫോമുകളിലൂടെ പ്രചരിക്കപ്പെട്ട വിദ്വേഷ പ്രസ്താവനകളുടെ സമഗ്രമായ വിവരണം പരസ്യപ്പെടുത്തണമെന്നും കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ടു. 

ഇതോടൊപ്പം പാർലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും കോൺഗ്രസ് പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. സുതാര്യവും, നിഷ്പക്ഷവുമായ സാമൂഹ്യ മാധ്യമങ്ങളാണ് ജനാധിപത്യത്തെ സക്രിയമാക്കുകയും, ജനങ്ങളെ പൗരബോധമുള്ളവരാക്കുകയും ചെയ്യുകയുള്ളൂ എന്ന വ്യക്തമായ രാഷ്ട്രീയ ബോധ്യത്തിൽ നിന്നാണ് കോൺഗ്രസ് പാർട്ടി ഈ നിലപാട് സ്വീകരിച്ചിട്ടുള്ളത്. സത്യാനന്തര കാലത്ത് നിഷ്പക്ഷതയും, വിശ്വാസ്യതയും ഫേസ്ബുക് പോലെയുള്ള ആഗോള മാദ്ധ്യമ സ്ഥാപനം മുറുകെപ്പിടിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.


Post a Comment

Previous Post Next Post

Display Add 2