Covid 19 Situation in Malappuram district is worrying. Read More...
രോഗവ്യാപനം വര്‍ധിക്കുമ്പോള്‍ ഉണ്ടാകുന്ന ഗുരുതരാവസ്ഥ പൊതുജനങ്ങള്‍ തിരിച്ചറിയണം എന്ന് ജില്ല കളക്ടർ മുന്നറിയിപ്പ് നൽകി. കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ച് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍. വൈറസ് ബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നത്. സെപ്റ്റംബര്‍ 28ന് രോഗബാധിതരുടെ എണ്ണം അല്‍പം കുറഞ്ഞെങ്കിലും ഇന്നലെ (സെപ്റ്റംബര്‍ 29) പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരം കവിയുകയായിരുന്നു. 1,040 പേര്‍ക്ക് ഒരു ദിവസം രോഗബാധ സ്ഥിരീകരിക്കുന്നു എന്നത് ആശങ്കാജനകമായ സ്ഥിതിയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജന സഹകരണം കൂടുതല്‍ ഉറപ്പാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
ജില്ലയില്‍ ആദ്യമായാണ് രോഗബാധിതരുടെ എണ്ണം ആയിരം കടക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഇതര വകുപ്പുകളുമായി ചേര്‍ന്ന് നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുമ്പോഴും ആരോഗ്യ ജാഗ്രത പാലിക്കുന്നതിലെ അലംഭാവമാണ് രോഗബാധിതര്‍ വന്‍തോതില്‍ വര്‍ധിക്കാന്‍ കാരണമായിരിക്കുന്നതെന്നാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ രോഗപ്രതിരോധത്തിനായുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചകളും അനുവദിക്കില്ല. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നതിനിടെ നിയന്ത്രണങ്ങളില്‍ നല്‍കുന്ന ഇളവുകള്‍ യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യാന്‍ പാടില്ല.
പൊതുജനാരോഗ്യ സംരക്ഷണം സാമൂഹ്യ ഉത്തരവാദിത്തമാണെന്ന് തിരിച്ചറിഞ്ഞുള്ള ജനകീയ ഇടപെടലാണ് ആവശ്യം. വിവാഹം, മരണാനന്തര ചടങ്ങുകള്‍, മറ്റ് പൊതു പരിപാടികള്‍ തുടങ്ങിയവയില്‍ നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്നത് അനുവദിക്കില്ല. ഇക്കാര്യത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജനപങ്കാളിത്തത്തോടെ കോവിഡ് വ്യാപനം കുറക്കാനാകുമെന്നും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് നടത്തുന്ന രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.
കോവിഡ് വ്യാപനം വര്‍ധിക്കുമ്പോള്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറും മുന്നറിയിപ്പ് നൽകി.
കോവിഡ് 19 വ്യാപനം ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ സ്വയമുള്ള പ്രതിരോധമാണ് ഉറപ്പാക്കേണ്ടതെന്ന് ജില്ലാ മെഡിക്കല്‍ ഓഫാസര്‍ ഡോ. കെ. സക്കീന പറഞ്ഞു. ആരോഗ്യ ജാഗ്രത ഉറപ്പാക്കി മാത്രമെ നിലവിലെ അവസ്ഥ മറികടക്കാനാകൂ. ഇക്കാര്യങ്ങള്‍ പൊതുജനങ്ങള്‍ തിരിച്ചറിയണം. പ്രതിദിന രോഗികളുടെ എണ്ണം ആയിരം പിന്നിടുന്ന സാഹചര്യത്തില്‍ അതീവ ശ്രദ്ധയാണ് വേണ്ടത്. ചെറിയ വീഴ്ചകള്‍ പോലും വലിയ വിപത്തിന് കാരണമാകുമെന്ന് തിരിച്ചറിയണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു.
പൊതു സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ തടയാന്‍ ജനകീയമായ ഇടപെടലാണ് വേണ്ടത്. വീടുകളിലുള്‍പ്പെടെ നേരിട്ട് ഇടപഴകുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. അത്യാവശ്യങ്ങള്‍ക്ക് മാത്രമാണ് വീടുകളില്‍ നിന്ന് പുറത്തിറങ്ങേണ്ടത്. പുറത്തിറങ്ങുന്നവര്‍ കൃത്യമായ സാമൂഹ്യ അകലവും ശരിയായ രീതിയിലുള്ള മാസ്‌കിന്റെ ഉപയോഗവും ഉറപ്പാക്കണം. കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ചോ, സാനിറ്റൈസര്‍ ഉപയോഗിച്ചോ ശാസ്ത്രീയമായ രീതിയില്‍ ഇടക്കിടെ വൃത്തിയാക്കണം. വീട്ടില്‍ തിരിച്ചെത്തിയ ശേഷം ശാരീരിക ശുചിത്വവും ഉറപ്പാക്കണം.
മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മാറാരോഗികള്‍ എന്നിവര്‍ വൈറസ് ബാധിതരാകുകയാണെങ്കില്‍ ആരോഗ്യസ്ഥിതി ഗുരുതരമാകാനുള്ള സാധ്യത കൂടുകലാണ്. ഈ വിഭാഗത്തിലുള്ളവരുമായി പുറത്തുനിന്നുള്ളവരാരും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തരുത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ യാതൊരു കാരണവശാലുംപൊതുസമ്പര്‍ക്കത്തിൽ ഏർപ്പെടാതെ റൂം ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുകയും വേണം.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
Post a Comment