BJP govt insults country: KC Venugopal
നരാധന്മാർ പിച്ചിച്ചീന്തിയ പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ പോലും സമ്മതിക്കാത്ത ഉത്തർപ്രദേശ് ബിജെപി സർക്കാർ ഇന്ത്യക്ക് തന്നെ അപമാനമാണ് എന്ന് കെ സി വേണുഗോപാൽ. എന്തൊക്കെ തടസങ്ങളുണ്ടായാലും ആ കുടുംബത്തെ കണ്ടേ തിരിച്ചുപോകൂ എന്ന രാഹുൽഗാന്ധിയുടെ നിശ്ചയദാർഢ്യത്തിനു മുമ്പിൽ രണ്ടാം ദിവസം യോഗി ആദിത്യനാഥ് സർക്കാർ മുട്ട് മടക്കേണ്ടിവന്നു. കോൺഗ്രസിന്റെ അഞ്ചു നേതാക്കൾക്ക് ഉത്തർപ്രദേശിലോട്ട് അനുമതി നൽകി.
കെസി വേണുഗോപാലിന്റെ വാക്കുകളിലേക്ക്....
നരാധന്മാർ പിച്ചിച്ചീന്തിയ, ജീവിതത്തിലും മരണത്തിലും ഭരണകൂടത്താൽ സാമാന്യ നീതി നിഷേധിക്കപ്പെട്ട ആ പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ ഞങ്ങൾ മുന്നോട്ടു പോവുകയാണ്. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിലുള്ള ഞങ്ങളുടെ സംഘത്തെ യു പി അതിർത്തിയിൽ യോഗിയുടെ പോലീസുകാർ വീണ്ടും തടയാൻ ശ്രമിച്ചു. ഈ കാട്ടുനീതി ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന ഞങ്ങളുടെ നിലപാടിനെ തുടർന്ന് അഞ്ചു പേർക്ക് മാത്രം യു പി യിലേക്ക് കടക്കാൻ അനുമതി നൽകുകയായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പാർലമെൻറ് അംഗങ്ങളും മുതിർന്ന നേതാക്കളുമടക്കമുള്ളവർക്ക് യു പി യിലേക്ക് സന്ദർശന അനുമതി നിഷേധിച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ആ കുടുംബത്തെ കാണുന്നതിനെ ആദിത്യനാഥും ബി ജെ പിയും ഭയക്കുന്നത് എന്തിനാണെന്നത് ഇന്ന് രാജ്യത്തെ കൊച്ചു കുട്ടികൾക്കുപോലുമറിയാം. നരാധമന്മാർ കടിച്ചുകീറിയ ആ പെൺകുട്ടിയുടെ മൃതദേഹത്തോടു പോലും നീതി കാട്ടാത്ത യു പി യിലെ ഈ ബി ജെ പി സർക്കാർ രാജ്യത്തിന് തന്നെ അപമാനമാണ്. ആ സംസ്ഥാനത്തെ ജനങ്ങൾക്ക് ഭാരമാണ്. ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവർക്കു അവകാശമില്ല. പിച്ചിച്ചീന്തപ്പെട്ട ആ കുരുന്നിന്റെ മൃതശരീരം പോലും മാതാപിതാക്കളെ കാണിക്കാത്ത ഭരണകൂടമാണ് യോഗിയുടേത്. അവർ സമൂഹത്തോട് സംസാരിക്കുന്നതു വിലക്കാൻ ഫോൺ പോലും പിടിച്ചുവാങ്ങി. ഭീഷണിപ്പെടുത്തി ആട്ടിയകറ്റി മുറിയിൽ പൂട്ടിയിട്ടാണ് ഇരയുടെ മൃതശരീരം പോലീസുകാർ കത്തിച്ചുകളഞ്ഞത്. ഈ കൊടുംക്രൂരതക്കെതിരെ നീതിനിഷേധത്തിനെതിരെ ഞങ്ങൾ പോരാടും. ആ ദളിത് കുടുംബത്തിനൊപ്പമാണ് കോൺഗ്രസ്. ഞങ്ങൾ അവരെ കാണും. അവർക്കു പറയാനുള്ളത് കേൾക്കും.അവർക്കു നീതി ലഭിക്കുന്നതുവരെ അവർക്കൊപ്പം പോരാടും. ഒരു ശക്തിക്കുമാവില്ല ഞങ്ങളെ തടുക്കാൻ.
إرسال تعليق