തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള പെരുമാറ്റചട്ടം. Code of Conduct for Local Self-Government Elections

Code of Conduct for Local Self-Government Elections.Read More...
Code of Conduct for Local Self-Government Elections




പൊതുവായ പെരുമാറ്റം

 വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ, നിലവിലുള്ള ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ പരസ്പരവിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ഥികളോ ഏര്‍പ്പെടാന്‍ പാടില്ല. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെ തടവോ 10,000 രൂപവരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. (1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ടിന്റെ 121 - ാം വകുപ്പ്, കേരള മുനിസിപ്പാലിറ്റി ആക്ടിന്റെ 145-ാം വകുപ്പ്).

മറ്റു രാഷ്ട്രീയ കക്ഷികളെ വിമര്‍ശിക്കുമ്പോള്‍ അത് അവരുടെ നയങ്ങളിലും പരിപാടികളിലും, പൂര്‍വകാല ചരിത്രത്തിലും പ്രവര്‍ത്തനങ്ങളിലും മാത്രമായി ഒതുക്കി നിര്‍ത്തണം. മറ്റു കക്ഷികളുടെ നേതാക്കന്മാരുടേയും പ്രവര്‍ത്തകരുടേയും പൊതു പ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും വിമര്‍ശിക്കരുത്. അടിസ്ഥാനരഹിതമായതോ വളച്ചൊടിച്ചതോ ആയ ആരോപണങ്ങള്‍ ഉന്നയിച്ച് മറ്റ് കക്ഷികളെയും അവയിലെ പ്രവര്‍ത്തകരെയും വിമര്‍ശിക്കുന്നത് ഒഴിവാക്കണം.

ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ടു തേടാന്‍ പാടില്ല. മോസ്‌കുകള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍, മറ്റ് ആരാധനാസ്ഥലങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി ഉപയോഗിക്കരുത്.
ഏതെങ്കിലും സ്ഥാനാര്‍ഥിക്കോ സമ്മതിദായകനോ അവര്‍ക്ക് താത്പര്യമുള്ള വ്യക്തികള്‍ക്കോ എതിരെ സാമൂഹിക ബഹിഷ്‌കരണം, സാമൂഹിക-ജാതിഭ്രഷ്ട് തുടങ്ങിയ ഭീഷണികള്‍ ഉയര്‍ത്തരുത്. (കേരള പഞ്ചായത്ത് രാജ് 120-ാം വകുപ്പ്, കേരള മുനിസിപ്പാലിറ്റി ആക്ട് 144 -ാം വകുപ്പ്).

സമ്മതിദായകര്‍ക്ക് കൈക്കൂലി നല്‍കുക, ഭീഷണിപ്പെടുത്തുക, സമ്മതിദായകരായി ആള്‍മാറാട്ടം നടത്തുക, മുനിസിപ്പാലിറ്റിയുടെ കാര്യത്തില്‍ പോളിംഗ് സ്റ്റേഷന്റെ 100 മീറ്ററിനുള്ളിലും പഞ്ചായത്തിന്റെ കാര്യത്തില്‍ 200 മീറ്ററിനുള്ളിലും വോട്ടു തേടുക, വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ സമയത്ത് പൊതുയോഗങ്ങള്‍ നടത്തുക, പോളിംഗ് സ്റ്റേഷനിലേക്കും അവിടെ നിന്ന് തിരികെയും സമ്മതിദായകരെ വാഹനങ്ങളില്‍ കൊണ്ടുപോകുക തുടങ്ങിയവ തിരഞ്ഞെടുപ്പ് നിയമപ്രകാരമുള്ള കുറ്റ കൃത്യങ്ങളാണ്. (കേരള പഞ്ചായത്ത് രാജ് ആക്ട് 120, 122, 127 വകുപ്പുകളും കേരള മുനിസിപ്പാലിറ്റി ആക്ട് 145, 146, 151 വകുപ്പുകളും).

ഒരു വ്യക്തിയുടെ രാഷ്ട്രീയ അഭിപ്രായങ്ങളോടും പ്രവര്‍ത്തനങ്ങളോടും മറ്റു രാഷ്ട്രീയ കക്ഷികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും എത്രതന്നെ എതിര്‍പ്പുണ്ടായാലും സമാധാനപരമായും സ്വസ്ഥമായും സ്വകാര്യ ജീവിതം നയിക്കുന്നതിനുള്ള അയാളുടെ അവകാശത്തെ മാനിക്കണം. വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി അവരുടെ വീടുകള്‍ക്ക് മുമ്പില്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കുക, പിക്കറ്റു ചെയ്യുക തുടങ്ങിയ രീതികള്‍ ഒരു കാരണവശാലും അവലംബിക്കരുത്.

ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവ അയാളുടെ അനുവാദം കൂടാതെ കൊടിമരം നാട്ടുന്നതിനോ ബാനറുകള്‍ കെട്ടുന്നതിനോ, പരസ്യം ഒട്ടിക്കുന്നതിനോ മുദ്രാവാക്യങ്ങള്‍ എഴുതുന്നതിനോ ഉപയോഗിക്കാന്‍ രാഷ്ട്രീയ കക്ഷികളോ, സ്ഥാനാര്‍ഥികളോ, അവരുടെ അനുയായികളെ അനുവദിക്കാന്‍ പാടില്ല.

സര്‍ക്കാര്‍ ഓഫീസുകളിലും അവയുടെ കോമ്പൗണ്ടിലും പരിസരത്തും ചുവര്‍ എഴുതാനോ പോസ്റ്റര്‍ ഒട്ടിക്കാനോ ബാനര്‍, കട്ട് ഔട്ട് തുടങ്ങിയവ സ്ഥാപിക്കാനോ പാടില്ല. ഏതെങ്കിലും പൊതുസ്ഥലത്ത് പരസ്യങ്ങളും ബോര്‍ഡുകളും മറ്റ് പ്രചാരണോപാധികളും സ്ഥാപിക്കുന്നതിന് തടസമില്ലെങ്കില്‍ അവിടെ പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിന് എല്ലാ രാഷ് ട്രീയകക്ഷികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും തുല്യ അവസരം നല്‍കണം. ഏതെങ്കിലും പ്രത്യേക കക്ഷിക്കോ സ്ഥാനാര്‍ഥിക്കോ മാത്രമായി ഒരു പൊതുസ്ഥലവും നീക്കി വച്ചിട്ടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ഉറപ്പു വരുത്തണം. പൊതുജനങ്ങള്‍ക്ക് അസൗകര്യമോ ശല്യമോ ഉണ്ടാകുന്ന വിധത്തില്‍ പ്രചാരണ സാമഗ്രികള്‍ (കൊടി, ബാനര്‍, പോസ്റ്റര്‍, കട്ടൗട്ട് തുടങ്ങിയവ) സ്ഥാപിക്കാന്‍ പാടില്ല. പരസ്യങ്ങള്‍ക്ക് വേണ്ടിവരുന്ന ചെലവ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ഥികളോ ഏതെങ്കിലും പൊതുസ്ഥലമോ, സ്വകാര്യസ്ഥലമോ പരസ്യങ്ങള്‍ സ്ഥാപിച്ചോ മുദ്രാവാക്യങ്ങള്‍ എഴുതിയോ വികൃതമാക്കിയതായി പരാതി ലഭിച്ചാല്‍ അവ ഉടന്‍ നീക്കം ചെയ്യാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നോട്ടീസ് നല്‍കണം. നോട്ടീസ് ലഭിച്ചിട്ടും അവ നീക്കം ചെയ്തില്ലെങ്കില്‍ അവ നീക്കം ചെയ്യുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നടപടി സ്വീകരിക്കുകയും അതിനു വേണ്ടിവരുന്ന ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിനോട് ചേര്‍ക്കുകയും ചെയ്യും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കോ റാലികള്‍ക്കോ ഉപയോഗിക്കാന്‍ പാടില്ല.

ദൃശ്യ-ശ്രാവ്യ അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ഥികളും പത്രം, ടെലിവിഷന്‍, റേഡിയോ, സാമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളില്‍ പരസ്യങ്ങള്‍ നല്‍കുന്നത് നിയമാനുസൃതമായിരിക്കണം. അപകീര്‍ത്തിപരമായ പ്രചാരണങ്ങള്‍ പാടില്ല.

ലഘുലേഖകള്‍, പോസ്റ്ററുകള്‍ എന്നിവയുടെ അച്ചടി

തിരഞ്ഞെടുപ്പ് ലഘു ലേഖകളും പോസ്റ്ററുകളും അച്ചടിക്കുന്നതും പ്രസിദ്ധപ്പെടുത്തുന്നതും സംബന്ധിച്ച് 1994- ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 124-ാം വകുപ്പിലെയും 1994- ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 148 -ാം വകുപ്പിലെയും വ്യവസ്ഥകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും അച്ചടിശാലാ ഉടമസ്ഥരും പാലിക്കണം. ലഘുലേഖകളുടേയും പോസ്റ്ററുകളുടേയും പുറത്ത് അത് അച്ചടിക്കുന്ന ആളിന്റേയും പ്രസാധകന്റേയും പേരും മേല്‍വിലാസവും ഉണ്ടായിരിക്കണം. കൂടാതെ അച്ചടിക്കുന്നതിന് മുന്‍പായി പ്രസാധകനെ തിരിച്ചറിയുന്നതിനായി രണ്ട് ആളുകള്‍ സാക്ഷ്യപ്പെടുത്തിയ നിശ്ചിത ഫാറത്തിലുള്ള ഒരു പ്രഖ്യാപനം അച്ചടിക്കുന്ന ആളിന് (പ്രസ് ഉടമ) നല്‍കണം. അച്ചടിച്ച ശേഷം പ്രഖ്യാപനത്തോടൊപ്പം അച്ചടിരേഖയുടെ പകര്‍പ്പ് സഹിതം പ്രസ് ഉടമ നിശ്ചിത ഫാറത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അയച്ചു കൊടുക്കണം. നിയമവ്യവസ്ഥയുടെ ലംഘനം ആറുമാസത്തോളമാകാവുന്ന തടവ് ശിക്ഷയോ, 2000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ നല്‍കി ശിക്ഷിക്കപ്പെടാവുന്ന കുറ്റമാണ്. കൂടാതെ തിരഞ്ഞെടുപ്പ് പരസ്യബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ സ്ഥാപിച്ചിട്ടുള്ളതും ഉയര്‍ത്തിയിട്ടുള്ളതും സംബന്ധിച്ച വിവരം വരണാധികാരിയെ നിശ്ചിത ഫോറത്തില്‍ അറിയിക്കുകയും വേണം.


 പ്രചാരണത്തിന് പ്ലാസ്റ്റിക്ക് നിരോധനം

തദ്ദേശ പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്ലാസ്റ്റിക്, ഫ്‌ളെക്‌സ് എന്നിവ ഉപയോഗിക്കുന്നതിനു നിരോധനമുണ്ട്. പരിസ്ഥിതി മലിനീകരണം കണക്കിലെടുത്ത് പ്ലാസ്റ്റിക്, ഫ്‌ളെക്‌സ് എന്നിവ ഒഴിവാക്കിയുള്ള പ്രചാരണ സാമഗ്രികള്‍ തയ്യാറാക്കാന്‍ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും ബാധ്യസ്ഥരാണ്.

പ്രസാധകന്റേയും അച്ചടി സ്ഥാപനത്തിന്റേയും പേര്, വിലാസം, അച്ചടിക്കുന്ന കോപ്പികളുടെ എണ്ണം എന്നിവ ഉള്‍ക്കൊള്ളിച്ചേ പോസ്റ്ററുകളും ലഘുലേഖകളും അച്ചടിക്കാവൂ. ഇതിന്റെ പകര്‍പ്പ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
 തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയോ ചിഹ്നമോ ആലേഖനം ചെയ്ത തൊപ്പി, മുഖംമൂടി, മാസ്‌ക് പോലുള്ളവ ഉപയോഗിക്കാം. ഇവയുടെ ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തണം. എന്നാല്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി സാരി, ഷര്‍ട്ട്, മുണ്ട്, തുണി മുതലായുള്ള വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്നത് കുറ്റകരമാണ്.





Post a Comment

أحدث أقدم

Display Add 2