The complete failure of the Government : Ramesh Chennithala. Read More
കോവിഡ് നിയന്ത്രണത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല.ആശുപത്രികളിൽ ഗർഭിണികൾക്ക് ചികിത്സ ലഭിക്കാതിരിക്കുക, നവജാത ശിശുക്കൾ മരണപ്പെടുക, ആംബുലൻസിൽ കോവിഡ് രോഗികൾ പീഡിപ്പിക്കപെടുക, രോഗികളുടെ ശരീരത്തിൽ പുഴുവരിക്കുക, മരണപ്പെട്ടവരുടെ മൃതദേഹം മാറി നൽകുക തുടങ്ങി കോവിഡ് നിയന്ത്രണത്തിലും ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും സംസ്ഥാന സർക്കാർ സമ്പൂർണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് രോഗികൾ മാനസിക സമ്മർദ്ദം കാരണം ആശുപത്രികളിൽ ആത്മഹത്യ ചെയ്യുന്നതും, പീഡിപ്പിക്ക പെടുന്നതുമെല്ലാം അവിശ്വസനീയമായ കാര്യമാണ്. ഇരട്ട കുട്ടികളുടെ മരണത്തിൽ സർക്കാർ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നും അദ്ദേഹം ഫേസ്ബുക് ബുക്ക്‌പോസ്റ്റിൽ പറഞ്ഞു.
************--------------------*************
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം....
ചികിത്സയിലിരിക്കെ രോഗിയെ പുഴുവരിക്കുന്നു, ആംബുലൻസിൽ ദളിത് പെൺകുട്ടി പീഡിപ്പിക്കപ്പെടുന്നു, മെഡിക്കൽ കോളജിൽ മൃതദേഹം മാറി നൽകുന്നു, ചികിത്സ കിട്ടാതെ നവജാത ശിശുക്കൾ മരിക്കുന്നു എന്നുതുടങ്ങി കേട്ടുകേൾവിപോലുമില്ലാത്ത അതീവഗുരുതര പ്രതിസന്ധികളിലൂടെയാണ് കേരളത്തിന്റെ ആരോഗ്യരംഗം കടന്നുപോകുന്നത്.
ഇരട്ടക്കുട്ടികൾ മരിച്ച വിഷയത്തിൽ ഇതുവരെ കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായിട്ടില്ല. ആരോഗ്യമന്ത്രി കള്ളം പറയുന്നുവെന്നും, ഈ ഭരണത്തിൽ തനിക്ക് വിശ്വാസമില്ല എന്നുമാണ് കുട്ടികളുടെ പിതാവ് പറയുന്നത്.
മെഡിക്കൽ കോളേജുകളിലെ OPകൾ രണ്ടുമണിക്കൂർ വീതം പ്രവർത്തിക്കാതെയായിട്ട് ഒരാഴ്ച പിന്നിടുന്നു. അനിശ്ചിതകാലത്തേക്ക് ഈ നില തുടരുമെന്നാണ് നിലവിലെ സാഹചര്യം സൂചിപ്പിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കാത്തതിനാൽ പ്രവർത്തിക്കാൻ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർ പത്തോളം കത്തുകൾ അയച്ചിട്ടും അതിനോട് മുഖം തിരിക്കുന്ന സമീപനമാണ് ആരോഗ്യ വകുപ്പ് പുലർത്തുന്നത്.
കോവിഡ് രോഗ നിയന്ത്രണത്തിൽ സർക്കാർ സമ്പൂർണ്ണമായി പരാജയപ്പെട്ടിരിക്കുകയാണ്. മാത്രമല്ല അതോടൊപ്പം ആരോഗ്യരംഗത്ത് ഉണ്ടായിരിക്കേണ്ട അടിസ്ഥാന സൗകര്യവികസനം പാടേ മുരടിച്ചിരിക്കുന്നു. കോവിഡ് രോഗികൾ സംസ്ഥാനത്ത് വൻതോതിൽ അവഗണന നേരിടുന്നു.ആരോഗ്യ രംഗത്ത് നിലനിൽക്കുന്ന ഗുരുതരാവസ്ഥ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി അടിയന്തരമായി മുന്നോട്ട് വരണം.
إرسال تعليق