പ്രളയത്തെ അതിജീവിക്കാൻ Amphibious Solar Boat നിർമിച്ചു മലപ്പുറം സ്വദേശി
പ്രളയ സമയത്തെ യാത്ര ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സ്വന്തമായി ഒരു സോളാർ ബോട്ട് നിർമിച്ചിരിക്കുകയാണ് മലപ്പുറം പട്ടർകടവ് സ്വദേശി സി പി ഷംസുദ്ധീൻ എന്ന നാട്ടുകാരുടെ ഷംസുക്ക. കഴിഞ്ഞ രണ്ട് പ്രളയ കാലത്തും പ്രായമായ ആളുകൾ,കിടപ്പ് രോഗികൾ, ഗർഭിണികൾ എല്ലാം ആശുപത്രിയിലോട്ടുള്ള യാത്രയിൽ വളരെ അധികം ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു.പ്രളയ സമയത്ത് യാത്ര ചെയ്യുമ്പോൾ ഉള്ള പ്രധാന വെല്ലുവിളി റോഡുകളിൽ എല്ലാം വെള്ളം കയറുന്നുണ്ടെങ്കിലും എല്ലാ സ്ഥലങ്ങളിലും റോഡിൽ വെള്ളം ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഒരു തോണി അല്ലങ്കിൽ ഒരു ബോട്ട് ഉപയോഗിച്ചു യാത്ര സാധിക്കില്ല.
റോഡുകളിൽ ഇടവിട്ട് വെള്ളം കയറിയിരിക്കുന്നതിനാൽ സഞ്ചരിക്കാൻ ഒരു വാഹനവും ഇല്ലാത്ത സാഹചര്യം ആണ് ഉണ്ടാകുന്നത്. എന്നാൽ ആ സാഹചര്യത്തെ മറികടക്കുന്നതിന് കരയിലും വെള്ളത്തിലും ഒരുപോലെ ഉപയോഗിക്കാൻ പറ്റാവുന്ന ചക്രങ്ങളോട് കൂടിയ ഒരു സോളാർ ബോട്ട് നിയമിച്ചിരിക്കുകയാണ് നാട്ടുകാരുടെ സ്വന്തം ഷംസുക്ക.
കഴിഞ്ഞ വർഷത്തെ പ്രളയ സമയത്ത് ബന്ധുവിന്റെ മരണാനന്തര ചടങ്ങിന് പങ്കെടുക്കാൻ മുഴുവൻ ആളുകൾക്കും സാധിക്കാതെ വന്ന സാഹചര്യം ആണ് ഇങ്ങനെ ഒരു ആംഫിബിയസ് സോളാർ ബോട്ട് നിർമിക്കാൻ പ്രേരണ ആയത് എന്ന് ഷംസുക്ക പറയുന്നു.കൂടാതെ കഴിഞ്ഞ പ്രളയ കാലത്ത് ദുരിതാശ്വാസ ക്യാമ്പുകളിലോട്ട് ഭക്ഷണ സാധനങ്ങൾ എത്തിക്കുന്നതിനും ആശുപത്രി ആവിശ്യങ്ങൾക്കും കിലോമീറ്ററുകൾ നടക്കേണ്ട സാഹചര്യം കൂടി ആയപ്പോൾ ബോട്ട് നിർമിക്കാം എന്ന് മനസ്സിൽ ഉറപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.
ഗർഭിണികളെയും പ്രായമായ ആളുകളെയും കൊണ്ട് ആശുപത്രികളിലും മറ്റ് ആവിശ്യങ്ങൾക്കും പോകുന്നതിനു തടസ്സം നിന്ന സാഹചര്യത്തെ മറികടക്കണം എന്ന ഷംസുക്കയുടെ നിശ്ചയദാർഡ്യം കൂടിയാണ് ഇങ്ങനെ ഒരു ബോട്ട് പിറന്നത് എന്ന് നാട്ടുകാർ പറയുന്നു.
ഇലക്ട്രിക് ആൻഡ് പ്ലംബിംഗ് വർക്ക് ആണ് ഷംസുക്കയുടെ തൊഴിൽ.ആരും നന്നാകാൻ മടിക്കുന്ന ശരിയാകില്ല എന്ന് കമ്പനി തൊഴിലാളികൾ വരെ പറയുന്ന പല ഇലക്ട്രോണിക് മെഷീനുകളും ഇദ്ദേഹം നന്നാക്കി ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ഇതിൽ പ്രധാനപെട്ട ഒന്നാണ് സ്റ്റീൽ ഷീറ്റ് ഫോൾഡിങ് മെഷീൻ. നന്നാകാൻ ലക്ഷങ്ങൾ ചിലവുകൾ വരും എന്ന് പറഞ്ഞു കമ്പനി ആളുകൾ വരെ കയ്യൊഴിഞ്ഞ ഒരു മെഷീൻ ആണ് സ്വന്തം ബുദ്ധികൊണ്ട് നിസാര ചിലവിൽ ഷംസുക്ക നന്നാക്കി നൽകിയത്. ജോലിയോടുള്ള ഷംസുക്കയുടെ ആത്മാർത്ഥത എടുത്ത് പറയേണ്ടതാണ്.
പൂർണമായും മൾട്ടി വുഡിൽ ആണ് ബോട്ട് നിർമിച്ചിരിക്കുന്നത്. ബോട്ടിന്റെ സുരക്ഷക്ക് വേണ്ടി സ്റ്റീൽ ഫ്രെയിം ആണ് നൽകിയിരിക്കുന്നത്, ബോട്ട് കല്ലിലും മറ്റും തട്ടി കേടുവരാതിരിക്കാനും, തുരുമ്പു പിടിക്കാതെ ഇരിക്കാനും ആണ് സ്റ്റീൽ ഫ്രെയിം തന്നെ ഉപയോഗിച്ചിരിക്കുന്നത്. കരയിലൂടെ സഞ്ചരിക്കുന്നതിനു നാലു ടയറുകളും മോട്ടോർ പ്രവർത്തിപ്പിക്കുന്നതിന് സോളാർ പാനലും ആണ് ബോട്ടിൽ ഘടിപ്പിച്ചിരിക്കുന്നത്. പൂർണമായും സൗരോർജത്തിൽ ആണ് ബോട്ടിന്റെ പ്രവർത്തനം.
മൊബൈൽ ചാർജിങ്, ലൈറ്റ് സംവിധാനം എല്ലാം ഇതിൽ സജ്ജമാക്കാൻ ഉള്ള ക്രമീകരണങ്ങൾ ആണ് നടത്തിയിരിക്കുന്നത്. ബൈക്കിന്റെ മോട്ടോർ ഭേദഗതി ചെയ്ത് സൗരോർജത്തിൽ പ്രവർത്തിപ്പിക്കാൻ ആണ് ഉദ്ദേശിക്കുന്നത്. നിലവിൽ 100 AH ബാറ്ററി ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. പത്ത് ആളുകൾക്കു സുഖമായി സഞ്ചരിക്കാവുന്ന തരത്തിൽ ആണ് ബോട്ട് രൂപകല്പന ചെയ്തിരിക്കുന്നത്.
തന്റെ തൊഴിൽ കഴിഞ്ഞ് വന്നു രാത്രി സമയങ്ങളിൽ ആണ് ഈ ബോട്ടിന്റെ നിർമാണം പ്രധാനമായും നടക്കുന്നത് എന്ന് ശംസുദ്ധീൻ പറയുന്നു. വളരെ സിമ്പിൾ ആയിട്ടാണ് ഇതു നിർമിച്ചിരിക്കുന്നത് എന്നും കണ്ടു മനസിലാക്കിയാൽ ആർക്കും ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഇത്തരം ബോട്ട് നിർമിക്കാം എന്നാണ് ഷംസുദീന്റെ അഭിപ്രായം. പട്ടർകടവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിലെ (PASC) കുട്ടികളുടെ സഹായം കൊണ്ടാണ് ബോട്ടിന്റെ നിർമാണം വേഗത്തിൽ ആയത് എന്നും അല്ലായിരുന്നു എങ്കിൽ തന്റെ ജോലി തിരക്ക് കാരണം ഇതിന്റെ നിർമാണം നീണ്ടു പോകുമായിരുന്നു എന്നും അദ്ദേഹം പറയുന്നു.
പ്രളയ ദുരിത സമയങ്ങളിൽ ആംബുലൻസ് സർവീസ് ആയിട്ട് കൂടി ബോട്ടിനെ സജ്ജമാക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.
Amphibious Solar Boat
إرسال تعليق