Covid-19 Malappuram Report 23.08.2020

Covid-19 Malappuram Report 23.08.2020 Read More...
മലപ്പുറം ജില്ലയിൽ  ഇന്ന് (ഓഗസ്റ്റ് 23) 186 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗബാധിതരായരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. വരും ദിവസങ്ങളിലും രോഗവ്യാപനം കുറക്കാന്‍ ജനകീയ ഇടപെടല്‍ അനിവാര്യമാണ്. ആരോഗ്യ ജാഗ്രത കര്‍ശനമായി ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

178 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതില്‍ ഏഴ് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 21 പേര്‍ക്ക് ഉറവിടമറിയാതെയും 157 പേര്‍ക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന മൂന്ന് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ജില്ലയില്‍ ഇപ്പോള്‍ 42,406 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ 100 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 4,181 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

നിരീക്ഷണത്തിലുള്ളത് 42,406 പേര്‍

42,406 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 2,046 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 335 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,711 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 1,716 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.  വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

കോവിഡ് ബാധിച്ച് തൂത സ്വദേശി മരിച്ചു

ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. തൂത സ്വദേശി മുഹമ്മദാണ് (85) കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 30 ആയി. പ്രമേഹം, രക്തസമ്മര്‍ദ്ദം, ശ്വാസകോശരോഗം എന്നിവ അലട്ടിയിരുന്ന കുഞ്ഞുമൊയ്തീനെ
ശ്വാസതടസ്സവും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഓഗസ്റ്റ് പതിനേഴിനാണ്  മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. സ്വകാര്യ  ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരിയിലേക്ക് മാറ്റിയത്.

ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ പരിശോധനയില്‍ കോവിഡ് ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ്സ് സിന്‍ഡ്രോം എന്നിവ കണ്ടെത്തിയതോടെ കോവിഡ് ഐസിയുവിലേക്ക് മാറ്റി. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ചികിത്സ ആരംഭിച്ചു. സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം പ്ലാസ്മ തെറാപ്പി, ഇഞ്ചക്ഷന്‍ റംഡസവിര്‍ എന്നിവ നല്‍കി. ഓഗസ്റ്റ്  22ന് രോഗിയുടെ ആരോഗ്യ നില വഷളായി.
എസിഎല്‍എസ് പ്രകാരം ചികിത്സ നല്‍കിയെങ്കിലും 22ന്  രാത്രി മരുന്നുകളോട് പ്രതികരിക്കാതെ രോഗി മരണത്തിന് കീഴടങ്ങി. മുഹമ്മദിന് കോവിഡ് ബാധിച്ചതിന്റെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല.


Post a Comment

أحدث أقدم

Display Add 2