PSC ranklist over -suicide due to PSC ranklist cancelled. Read more...
ആരാണ് ഈ മരണത്തിന് ഉത്തരവാദി ?
ഈ മരണത്തിനു ഉത്തരവാദി സർക്കാർ തന്നെയാണ്. PSC കോടികൾ മുടക്കി നടത്തിയ സിവിൽ എക്‌സൈസ് ഓഫീസർ എഴുത്ത് പരീക്ഷയിൽ ഷോർട്ലിസ്റ്റിൽ ഉൾപ്പെട്ടു എൻഡ്യൂറൻസ് ടെസ്റ്റും ഫിസിക്കൽ ടെസ്റ്റും വൈദ്യ പരിശോധനയും പാസ്സായിട്ടാണ് റാങ്ക്ലിസ്റ്റിൽ ഓരോ ഉദ്യോഗാർത്ഥിയും എത്തുന്നത്. നീണ്ട മൂന്ന് വർഷത്തെ പരിശ്രമം. എന്നിട്ടും 76 ആം റാങ്ക് നേടിയിട്ട്പോലും ജോലി ലഭിക്കാതെ വന്ന ഗതികേട് സർക്കാരിന്റെ വീഴ്ച തന്നെയാണ്.ചില ജില്ലകളിൽ ഇരുപതാം റാങ്ക്കാരന് വരെ ജോലി കിട്ടിയിട്ടില്ല. ഇതിനെല്ലാം ഉത്തരവാദി ആരാണ് ?
ബക്കറ്റിൽ ജോലി എടുത്ത് വെച്ചിട്ടില്ല എന്നാണ്
പി എസ് സി ചെയർമാന്റെ മറുപടി. എന്നാൽ സിവിൽ എക്‌സൈസ് ഓഫീസർ തസ്തികയിൽ ആൾക്ഷാമം ഉണ്ടെന്നു എക്‌സൈസ് മന്ത്രി വരെ സമ്മതിച്ചകാര്യം ആണ്.
1968 ലെ സ്റ്റാഫ് പാറ്റേൺ ആണ് ഇപ്പോഴും എക്‌സൈസിൽ പിന്തുടരുന്നത്. അതായത് 52
വർഷം മുമ്പുള്ള ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ആണ് എക്‌സൈസ് ഡിപ്പാർട്മെന്റിൽ ഇപ്പോഴും ജീവനക്കാരുള്ളത്. കേരളം മൊത്തം ഏറിയാൽ മൂവായിരത്തിൽ താഴെ ജീവനക്കാർ മാത്രം. എന്നാൽ ഈ സ്റ്റാഫ് പാറ്റേൺ പുതുക്കണം എന്ന് പറഞ്ഞത്കൊണ്ട് നിരവധി തവണ വകുപ്പ് മന്ത്രിയെയും മുഖ്യമന്ത്രിയെയും റാങ്ക് ഹോൾഡർസ് അസ്സോസിയേഷൻ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഒരു ഫലവും ഉണ്ടായില്ല. എക്‌സൈസിൽ ക്രൈം ബ്രാഞ്ച് രൂപീകരിച്ചപ്പോൾ അന്നത്തെ എക്‌സൈസ് കമ്മീഷണറുടെ ശുപാർശ പ്രകാരം ഉള്ള സ്റ്റാഫ് നെ എടുത്തിരുന്നു എങ്കിലും ഇതുപോലൊരു ദുരന്തം ഉണ്ടാകില്ലായിരുന്നു. ഇന്നത്തെ ജന സംഖ്യ അടിസ്ഥാനത്തിൽ പുതിയ സ്റ്റാഫ് പാറ്റേൺ വന്നിരുന്നു എങ്കിലും പ്രിയ സഹോദരന്റെ ജീവൻ പൊലിയില്ലായിരുന്നു.
എന്തൊക്കെ വേണ്ടാന്ന് വെച്ചാലും മദ്യ വില്പന വേണ്ട എന്ന് വെക്കാൻ പറ്റാത്ത കേരള സർക്കാരിന് ആ വകുപ്പിൽ വേണ്ടത്ര സ്റ്റാഫിനെ നിയമിക്കാൻ ഉള്ള സന്മനസ്സ് ഉണ്ടായിരുന്നു എങ്കിലും ഇങ്ങനെ ഒരു ജീവൻ പൊലിയില്ലായിരുന്നു.
എപ്പോഴും പറയുംപോലെ റാങ്ക് ലിസ്റ്റിൽ വന്നാൽ നിയമനം ലഭിക്കില്ല എന്ന വാദം ഇവിടെ വിലപ്പോവില്ല. കാരണം ഇന്നത്തെ ജനസംഖ്യ അടിസ്ഥാനത്തിൽ എക്‌സൈസ് സ്റ്റാഫ് പാറ്റേൺ മാറ്റിയാൽ നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്നും മുഴുവൻ പേരെ നിയമിച്ചാലും മതിയാകാതെ വരും സർക്കാരിന്.
മദ്യവും മയക്കുമരുന്നും കഞ്ചാവും തുടങ്ങി ലോകത്തുള്ള സകലമാന സാധനങ്ങളും ഇവിടെ ലഭ്യമാകുന്നുണ്ട് എന്ന് വാർത്തകളിൽ നമ്മൾ കണ്ടതാണ്. അതിനെ തടുത്തു വരും തലമുറയെ രക്ഷിക്കാൻ ഉള്ള ബാധ്യത സർക്കാരിന് ഉണ്ടായിരുന്നു.52 വർഷങ്ങൾക്ക് ഇടയിൽ നിരവധി സർക്കാരുകൾ കേരളം ഭരിച്ചു എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാൻ ഇപ്പോഴത്തെ സര്ക്കാരിന് പറ്റില്ല. കാരണം അന്നൊന്നും ഇതുപോലെ 10% പോലും നിയമനം ലഭിക്കാതെ സിവിൽ എക്‌സൈസ് ഓഫീസർ റാങ്ക് ലിസ്റ്റ് നിന്ന് പോകാറില്ലായിരുന്നു, മാത്രമല്ല സർക്കാരിൽ ആരും ഇതിനു മുമ്പ് സ്റ്റാഫ് പാറ്റേൺ പുതുക്കണം എന്ന ആവിശ്യം ഇത്ര ശക്തമായി മുന്നോട്ട് വെച്ചിട്ടില്ല. എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ മുതൽ എക്‌സൈസ് വകുപ്പ് വരെ പരസ്യമായി സമ്മതിച്ചതാണ് ആൾക്ഷാമം, ഇതിനെല്ലാം പുറമെ എത്രയോ തവണ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നിവേദനങ്ങൾ കേരളത്തിലെ മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും ഭരണപക്ഷ MLA മാർക്കും, പഞ്ചായത്ത് തലം മുതൽ സംസ്ഥാന തലത്തിൽ ഉള്ള ഭരണപക്ഷ പാർട്ടി നേതാക്കൾക്കും നൽകിയതാണ്. ആരെങ്കിലും കണ്ണ് തുറന്നു സഹായിക്കും എന്ന് കരുതി. ഒരാളും തിരിഞ്ഞ് നോക്കിയില്ല. അപ്പോൾ ഇതൊന്നും സർക്കാരിന് അറിയില്ല എന്ന് പറഞ്ഞു ന്യായീകരിക്കാൻ പറ്റില്ല.
ഏറ്റവും ഒടുവിൽ കോടികൾ മുടക്കി ഉണ്ടാക്കിയ റാങ്ക് ലിസ്റ്റിൽ 10% നിയമനം പോലും നടന്നില്ല എന്ന് മനസിലാക്കിയ PSC റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുന്നതിനുള്ള ശുപാർശ സർക്കാരിന് നൽകിയിരുന്നു. എന്നാൽ സർക്കാർ അത് തിരിച്ചയാകുകയാണ് ചെയ്തത്.
യഥാർത്ഥത്തിൽ സ്റ്റാഫ് പാറ്റേൺ പുതുക്കൽ അല്ലെങ്കിൽ കാലാവധി നീട്ടൽ ഇതിൽ ഏതെങ്കിലും ഒന്ന് സർക്കാർ അംഗീകരിച്ചിരുന്നു എങ്കിൽ പ്രിയ സഹോദരന് ഇങ്ങനെ ജീവൻ പൊലിയില്ലായിരുന്നു.
പി എസ് സി യെ ഒന്ന് വിമർശിക്കാൻ പോലും ഇപ്പോൾ ഉദ്യോഗാർത്ഥികൾക്ക് സാധിക്കാത്ത സാഹചര്യം ആണ്. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പി എസ് സി യെ വിമർശിച്ച ഉദ്യോഗാർത്ഥികൾക്ക് 3 വർഷം പരീക്ഷകളിൽ പങ്കെടുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ വാർത്തകൾ വന്നിരുന്നു. ഇനിയും ഇതുപോലെ സർക്കാർ വീഴ്ചയിൽ ജീവൻ നഷ്ടപെടാതിരിക്കട്ടെ.
إرسال تعليق